കൊച്ചി : മാസങ്ങളായി ഫോണിലൂടെ നടൻ ടിനി ടോമിനെ വിളിച്ച് അസഭ്യം പറഞ്ഞ യുവാവിനെ പോലീസ് പിടികൂടി . കണ്ണൂർ സ്വദേശിയായ ഷിയാസിനെയാണ് പോലീസ് പിടികൂടിയത് . പ്രതിയെ പിടികൂടിയതിന് പോലീസിന് നന്ദിപറഞ്ഞ് ലൈവിലെത്തിയ ടിനി ടോം തന്നെയാണ് കാര്യങ്ങൾ വിശദീകരിച്ചത്.
യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് ഫോൺ നമ്പർ ടിനി ടോം ബ്ലോക്ക് ചെയ്തത് . അപ്പോൾ മറ്റ് നമ്പറിൽ നിന്നും വിളിച്ചു തുടങ്ങി . ഫോണ്‍ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി . തന്നെ പ്രകോപിപ്പിച്ച് മറുപടി പറയിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്ന് ടിനി ടോം പറഞ്ഞു.
ഒടുവിൽ ശല്യം സഹിക്കാനാകാതെ ടിനി ടോം ആലുവയിലുള്ള സൈബർ പോലീസിന്റെ ഓഫീസിൽ പരാതി നൽകി. എറണാകുളം റൂറൽ എസ്പി കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ടീം പരാതിയെ കുറിച്ച് അന്വേഷിച്ചു . തുടർന്നാണ് കണ്ണൂർ സ്വദേശിയായ ഷിയാസ് ആണ് ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നതെന്ന് കണ്ടെത്തിയത് . പോലീസ് തിരയുന്നു എന്നറിഞ്ഞ ഷിയാസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
ഷിയാസിനെ പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ടിനി ടോമും സ്റ്റേഷനിലെത്തി. പ്രത്യേക മാനസികാവസ്ഥയിലാണ് താൻ ഇങ്ങനെ പെരുമാറിയതെന്ന് ഷിയാസ് പറഞ്ഞു. ഇനി ഇത് ആവർത്തിക്കില്ലെന്നും ഉറപ്പുനൽകി. തുടർന്ന് ടിനി ടോം പോലീസിൽ നൽകിയ പരാതി പിൻവലിക്കുകയും ചെയ്തു.
Comments