മുംബൈ: 150 കോടി നിക്ഷേപിച്ച ബാഹുബലി സീരീസ് വേണ്ടെന്നു വെച്ച് നെറ്റ്ഫ്‌ളിക്‌സ്.രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ച ബാഹുബലിയുടെ കൂറ്റൻ വിജയത്തിന് ശേഷം നെറ്റ്ഫ്ളിക്സുമായി ചേർന്ന് ഒരു പ്രീക്വൽ നിർമിക്കുമെന്ന് സംവിധായകൻ രാജമൗലി പ്രഖ്യാപിച്ചിരുന്നു.ബാഹുബലി: ബിഫോർ ദി ബിഗിനിംഗ് എന്ന പേരിൽ സീരീസ് പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷം സീരീസ് വേണ്ടെന്ന് വെച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ചിത്രീകരിച്ച വിഷ്വൽസ് ഇഷ്ടപ്പെടാത്തതാണ് കാരണം.
‘ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്’ എന്ന സീരിസിൽ ശിവകാമി ദേവിയുടെ കഥ പ്രമേയകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട ശിവകാമി ദേവിയുടെ ജീവിതകഥ ആസ്പദമാക്കിയാണ് സീരിസ് പുറത്തിറക്കാനിരുന്നത്. ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന, ആനന്ദ് നീലകണ്ഠന്റെ പുസ്തകത്തെ ആധാരമാക്കിയാണ് സീരീസിന്റെ തിരക്കഥ ഒരുങ്ങിയത്.
ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകൻ. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്‌ളിക്‌സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നതായി പ്രഖ്യാപിച്ചിരുന്നു. ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത് മൃണാൾ താക്കൂറായിരുന്നു. ദേവ കട്ടയുടെ സംവിധാനത്തിൽ ഒരുങ്ങിയ സീരിസിൽ നെറ്റ്ഫ്‌ളിക്‌സ് തൃപ്തരല്ലായിരുന്നു എന്നും സംവിധായകന്റെ അനുവാദമില്ലാതെ മറ്റു അഭിനേതാക്കളെ കാസ്റ്റ് ചെയ്തിരുന്നു എന്നും ഇത് പിന്നീട് വലിയ പ്രശനങ്ങൾക്ക് വഴിവെച്ചു എന്നുമാണ് റിപ്പോർട്ടുകൾ.
Comments