രാജ്യം പത്മ പുരസ്‌കാരങ്ങൾ നൽകുന്നതിന്റെ ആഴവും പരപ്പും വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ ലിസ്റ്റുകൾ നോക്കിയാൽ അത് മനസിലാകും. സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരെ നരേന്ദ്രമോദി സർക്കാർ കൈപിടിച്ച് മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ നേർക്കാഴ്ചകളാണ് ഇത്തവണയും പത്മപുരസ്‌കാര പട്ടികയിൽ കണ്ടത്്. ഇത്തവണ നാല് മലയാളികൾക്കാണ് പത്മ പുരസ്‌കാരം ലഭിച്ചത്. അതിൽ ഒഴിവാക്കാനാകാത്ത ഒരു വ്യക്തിത്വമാണ് പത്മശ്രീ ശോശാമ്മ ഐപ്പിന്റേത്. ഇന്ന് കേരളത്തിൽ കാണുന്ന ആറായിരത്തോളം വെച്ചൂർ പശുക്കളുണ്ടായത് ഡോ. ശോശാമ്മയുടെ ശ്രമത്തിൽ നിന്നാണ്. നോക്കാം ശോശാമ്മ ഐപ്പിന്റെ വെച്ചൂർ പശു സംരക്ഷണ കഥ.
കോളേജിലെ മാഗസീനിൽ കേരളത്തിന്റെ സ്വന്തം പശുക്കളെപ്പറ്രി ലേഖനം തയ്യാറാക്കാനായി തുടങ്ങിയ അന്വേഷണം വെച്ചൂർ പശുവിന്റെ സംരക്ഷണത്തിലേക്ക് നയിച്ച കഥയാണ് ശോശാമ്മയുടേത്. വംശനാശത്തിന്റെ വക്കിൽ നിന്ന് വെച്ചൂർ പശുവിന് പുനർജന്മം നൽകാനായി അവർ കഠിനമായി പ്രവർത്തിച്ചു. 1986- 87 കാലഘട്ടത്തിലായിരുന്നു അത്. കോളേജിലെ ഏതാനും കുട്ടികളോടൊപ്പം തുടങ്ങിയ പ്രവർത്തനമായിരുന്നു ഇത്. കർഷകനായ നാരായണ അയ്യർ വഴി മനോഹരൻ എന്ന വ്യക്തിയുടെ വീട്ടിൽനിന്ന് ലക്ഷണമൊത്ത ഒരു വെച്ചൂർ പശുവിനെ ലഭിച്ചതു മുതൽ വെച്ചൂർപ്പശു സംരക്ഷണ ദൗത്യം ആരംഭിക്കുകയായിരുന്നു.
അന്ന് നടത്തിയ പഠനങ്ങളിൽ വെച്ചൂർ പശുക്കൾ നശിക്കുകയാണെന്ന് മനസിലായി. തുടർന്ന് ഒർജിനൽ വെച്ചൂർ പശുക്കൾക്കായി തെരച്ചിൽ തുടങ്ങി. അങ്ങനെ കിട്ടിയ നാലഞ്ച് പശുക്കളെ കോളേജിൽ കൊണ്ടുവന്ന് കുട്ടികളുടെ സഹായത്തോടെ പരിപാലിക്കാൻ തുടങ്ങി. വീണ്ടും വീണ്ടും അന്വേഷണങ്ങൾ തുടങ്ങി. കിട്ടയവയെ വില കൊടുത്തു വാങ്ങി. അങ്ങനെ പശുക്കളുടെ എണ്ണം എട്ടായി…അത് 20 ആയി…
വെറ്ററിനറി കോളേജിലെ ജെനിറ്റിക്സ് പ്രൊഫസറായിരുന്നു അന്ന് ഡോ. ശോശാമ്മ ഐപ്പ്. കാർഷിക സർവകലാശാലയുടെ സഹായം കൊണ്ടാണ് വെച്ചൂർ പശുക്കളെ സംരക്ഷിച്ചത്. ശോശാമ്മയുടെ സമർപ്പിത സേവനത്തിന്റെ ഫലമായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അംഗീകരിച്ച 30 പശു ഇനങ്ങളിൽ ഒന്നായി കേരളത്തിന്റെ വെച്ചൂർ.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും വെച്ചൂർ പശുക്കളുടെ വംശശുദ്ധി ഉറപ്പുവരുത്തുന്നതിനും സംരക്ഷണ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനുമായി ശോശാമ്മ ടീച്ചറുടെ നേതൃത്വത്തിൽ വെച്ചൂർ പശു കർസർവേഷൻ ട്രസ്റ്റ് ഇന്നും സജീവമാണ്. 2001ൽ തൃശൂർ വെറ്ററിനറി കോളേജിൽ നിന്ന് നാഷണൽ ബ്യൂറോ ഒഫ് അനിമൽ ജനിറ്റിക്സിന്റെ ഡയറക്ടറായി വിരമിച്ചു.
വെച്ചൂർ പശു പരിരക്ഷണ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ അന്ന് ഇന്ത്യയിൽ ആകെ 26 അംഗീകൃത കന്നുകാലി ജനുസുകളാണ് ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നും ഒരു ബ്രീഡ് പോലും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയിൽ നിന്നാണ് കേരളത്തിന്റെ സ്വന്തം പശുവായി വെച്ചൂർ പശുവിനെ ശോശാമ്മ ഐപ്പ് ഉയർത്തിയെടുത്തത്.
Comments