ന്യൂഡൽഹി: രാജ്യത്തിന്റെ 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് മാറ്റ് കൂട്ടി തലസ്ഥാനത്ത് ഡ്രോണുകൾ തീർത്ത ആകാശക്കാഴ്ച വർണാഭമായി. ഡൽഹിയിലെ വിജയ് ചൗക്കിന് മുകളിലാണ് രാത്രി ഡ്രോൺ ഷോ സംഘടിപ്പിച്ചത്. അശോകചക്രം പതിച്ച ഇന്ത്യയുടെ ഭൂപടത്തോടെയാണ് ഷോ ആരംഭിച്ചത്. സ്വാതന്ത്ര്യസമരത്തിന് മഹാത്മാഗാന്ധിയുടെ സംഭാവനകളെ സ്മരിച്ച് ഡ്രോണുകൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ രൂപം മാനത്ത് തെളിഞ്ഞു.
ദേശീയ യുദ്ധ സ്മാരകത്തിന്റെ രൂപരേഖയും ഡ്രോണുകൾ രൂപപ്പെടുത്തി. രാഷ്‌ട്രത്തെ സംരക്ഷിക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഭാവനയും രാജ്യത്തിന് വേണ്ടിയുള്ള സേവനത്തിൽ അവരുടെ ത്യാഗവും വ്യക്തമാക്കുന്നതായിരുന്നു പ്രദർശനം. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ഭവനിൽ ആയിരക്കണക്കിന് ഡ്രോണുകൾ വ്യത്യസ്ത രൂപങ്ങൾ തീർത്തത് മനോഹര കാഴ്‌ച്ചയിയിരുന്നു.
വിജയ് ചൗക്കിലെ ബീറ്റിംഗ് റിട്രീറ്റ് സെറിമണിയുടെ റിഹേഴ്‌സലിന്റെ ഭാഗമായി 1000 മെയ്ഡ് ഇൻ ഇന്ത്യ ഡ്രോണുകൾ വ്യത്യസ്ത രൂപങ്ങൾ ഉണ്ടാക്കിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. നാല് ദിവസം നീണ്ടുനിൽക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങോടെ അവസാനിക്കും. ഈ വർഷം ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ’എബിഡ് വിത്ത് മി’ എന്ന ഗാനത്തിന് പകരം ഗായിക ലതാ മങ്കേഷ്‌കർ ആലപിച്ച ‘ഏ മേരേ വതൻ കെ ലോഗോൺ’ ആലപിക്കും.
















Comments