പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടന്നതായി മധുവിന്റെ കുടുംബം ആരോപിച്ചു. വീട്ടുകാരെ ഭീഷണിപ്പെടുത്താനും നീക്കം നടന്നതായി മധുവിന്റെ സഹോദരി സരസു പറഞ്ഞു.
മധു കേസിലെ പ്രധാന സാക്ഷിക്ക് രണ്ടു ലക്ഷം രൂപ വാഗ്ദാനം നൽകി കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായാണ് മധുവിന്റെ സഹോദരി സരസുവിന്റെ വെളിപ്പെടുത്തൽ. കൂടാതെ ഒരിക്കൽ മുഖം മറച്ച രണ്ടാളുകൾ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയ സമ്മർദ്ദം ഉള്ളതായി സംശയിക്കുന്നുവെന്നും സരസു പറയുന്നു.
കേസിൽ സർക്കാരും, പബ്ലിക് പ്രോസിക്യൂട്ടറും വലിയ അലംഭാവം കാണിച്ച പശ്ചാത്തലത്തിലാണ്, കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയ സമ്മർദ്ദം ഉള്ളതായി സംശയിക്കുന്നുവെന്ന ആരോപണവുമായി മധുവിന്റെ കുടുംബം രംഗത്തെത്തിയത്. നേരത്തെ മധുവിനെ കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം പിൻവലിച്ചത്.
















Comments