ചണ്ഡീഗഡ് : അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തീർത്ഥാടനം കേന്ദ്രങ്ങളിലെത്തി ദർശനം നടത്തി രാഹുൽ ഗാന്ധി. പൊതുപരിപാടികളിൽ പങ്കെടുക്കാനായി പഞ്ചാബിലെത്തിയ രാഹുൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയും പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
അതിന് ശേഷം ദുർഗിയാന മന്ദിറിലും, ഭഗ്വാൻ വാത്മീകി തീരഥ് സ്ഥലിലും മറ്റ് സ്ഥാനാർത്ഥികൾക്കൊപ്പം രാഹുൽ ഗാന്ധി എത്തും. കോൺഗ്രസിലെ 117 സ്ഥാനാർത്ഥികളോടൊപ്പമാകും ശക്തിപ്രദർശനത്തിനായി രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ എത്തുന്നത്.
തുടർന്ന് റോഡ് മാർഗം ജലന്ധറിൽ എത്തുന്ന വയനാട് എംപി മിത്താപ്പൂരിലെ വൈറ്റ് ഡയമണ്ടിൽ നടക്കുന്ന പൊതു പരിപാടിയിലും പങ്കെടുക്കും. തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി പഞ്ചാബിലെത്തുന്നത്.
വിദേശ യാത്ര കഴിഞ്ഞ് അടുത്തിടെയാണ് രാഹുൽ ഗാന്ധി രാജ്യത്തെത്തിയത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെത്തി ക്ഷേത്ര ദർശനം ആരംഭിച്ചത്. പഞ്ചാബിലെ സിഖുകാരെ ലക്ഷ്യമിട്ടാണ് സുവർണ ക്ഷേത്ര ദർശനം നടത്തുന്നത്. തുടർന്ന് ഹിന്ദു ക്ഷേത്രങ്ങളും സന്ദർശിക്കും. ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥികളോടൊപ്പം ക്ഷേത്ര ദർശനം നടത്തിയാണ് കോൺഗ്രസ് ശക്തി പ്രദർശിപ്പിക്കുന്നത്.
എന്നാൽ ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തമാണ്. പാർട്ടിക്കുള്ളിൽ തന്നെ പ്രതിസന്ധി രൂക്ഷമായിരിക്കുകയും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തർക്കം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പഞ്ചാബിൽ കോൺഗ്രസിന് പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
















Comments