മുംബൈ: എയർ ഇന്ത്യ സ്വന്തമാക്കിയ ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നത് യാത്രക്കാർക്ക് ലോകത്തെ ഏറ്റവും മികച്ച സേവനം ലഭ്യമാക്കൽ. മിടുക്കരും പക്വതയുള്ളവരുമായ ക്യാബിൻ ക്രൂ അംഗങ്ങൾ, ഫ്‌ലൈറ്റുകളുടെ മികച്ച ഓൺ-ടൈം പ്രകടനം, ആതിഥ്യമര്യാദ, മെച്ചപ്പെടുത്തിയ ഇൻ-ഫ്‌ലൈറ്റിലെ ഭക്ഷണ സേവനം എന്നിവയാണ് എയർലൈൻ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ. ഇക്കാര്യങ്ങളാണ് എയർ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില നടപടികളെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി.
എയർ ഇന്ത്യയുടെ പ്രതിച്ഛായ, മനോഭാവം, ധാരണ എന്നിവയിൽ മാറ്റമുണ്ടാകുമെന്ന് ടാറ്റ ഗ്രൂപ്പ് ജീവനക്കാരോട് അറിയിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരെയും ‘അതിഥികൾ’ എന്ന് അഭിസംബോധന ചെയ്യാൻ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, അതിഥികൾക്ക് നൽകുന്ന സുരക്ഷയും സേവന നിലവാരവും ക്യാബിൻ ക്രൂ സൂപ്പർവൈസർ ഉറപ്പാക്കേണ്ടതുണ്ട്. ക്രൂ അംഗങ്ങൾ മികച്ച രീതിയിൽ വസ്ത്രം ധരിക്കുകയും നല്ല പക്വതയോടെ പെരുമാറുകയും വേണം. വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്ന ഗ്രൂമിംഗ് എക്‌സിക്യൂട്ടീവുകൾ ഉണ്ടായിരിക്കും.
കൃത്യസമയത്ത് പ്രകടനം വളരെ പ്രധാനമായതിനാൽ, വിമാനം പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് വാതിലുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ക്രൂ അംഗങ്ങൾ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ടാറ്റ സൺസിന്റെ ചെയർമാനായ രത്തൻ ടാറ്റയുടെ പ്രത്യേക ഓഡിയോ സന്ദേശവും വിമാനങ്ങളിൽ പ്ലേ ചെയ്യുമെന്നും അത് എപ്പോൾ, എങ്ങനെ പ്ലേ ചെയ്യണമെന്ന് ക്രൂവിന് നിർദ്ദേശം നൽകുമെന്നും ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി.
ഏറ്റെടുക്കലിനു ശേഷമുള്ള ആദ്യ ദിവസങ്ങളിൽ തിരഞ്ഞെടുത്ത ഫ്‌ലൈറ്റുകളിൽ യാത്രക്കാർക്ക് മെച്ചപ്പെട്ട ഭക്ഷണ സേവനം നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ മെച്ചപ്പെടുത്തിയ ഭക്ഷണ സേവനം എല്ലാ എയർ ഇന്ത്യ വിമാനങ്ങളിലും ഘട്ടം ഘട്ടമായി യാത്രക്കാർക്കായി വ്യാപിപ്പിക്കും. AI864 (മുംബൈ-ഡൽഹി), AI687 (മുംബൈ-ഡൽഹി), AI945 (മുംബൈ-അബുദാബി), AI639 (മുംബൈ-ബെംഗളൂരു) എന്നീ നാല് ഫ്‌ലൈറ്റുകളിലാണ് ‘മെച്ചപ്പെടുത്തിയ ഭക്ഷണ സേവനം’ വ്യാഴാഴ്ച നൽകിയത്. ഇതേ സേവനം’ വെള്ളിയാഴ്ച മുംബൈ-നെവാർക്ക് വിമാനത്തിലും അഞ്ച് മുംബൈ-ഡൽഹി വിമാനങ്ങളിലും നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 69 വർഷങ്ങൾക്ക് ശേഷമാണ് ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യയെ സർക്കാർ വ്യാഴാഴ്ച കൈമാറിയത്.
Comments