ചണ്ഡീഗഡ് : പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി രംഗത്ത്. സ്വന്തം അമ്മയെ പണത്തിന് വേണ്ടി ഉപേക്ഷിച്ച ദുഷ്ടനാണ് സിദ്ധുവെന്ന് സഹോദരി സുമൻ തൂർ പറഞ്ഞു. തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞുവെന്ന സിദ്ധുവിന്റെ പ്രചാരണം പച്ചക്കള്ളമാണെന്നും സഹോദരി വ്യക്തമാക്കി.
1986 ൽ അച്ഛൻ മരിച്ചതിന് പിന്നാലെ സിദ്ധു അമ്മയെ ഉപേക്ഷിച്ചെന്ന് സുമൻ തൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പണത്തിന് വേണ്ടിയാണ് സിദ്ധു അത് ചെയ്തത്. തുടർന്ന് അമ്മ കഷ്ടപ്പെട്ടാണ് തന്നെയും തന്റെ സഹോദരിയേയും പഠിപ്പിച്ചത്. സൈക്കിളിലാണ് അവർ തങ്ങളെ സ്‌കൂളിൽ കൊണ്ടുപോയിരുന്നത്. ഒരു സഹായത്തിന് വേണ്ടിയും അമ്മ സിദ്ധുവിനെ സമീപിച്ചിരുന്നില്ലെന്നും സഹോദരി പറഞ്ഞു. നിലവിൽ സിദ്ധുവിന്റെ സഹോദരി അമേരിക്കയിലാണ് ഉള്ളത്.
1987 ൽ നടന്ന പൊതു പരിപാടിയിൽ തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞുവെന്നാണ് സിദ്ധു മാദ്ധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് രണ്ട് വയസായിരുന്നപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞുവെന്നാണ് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ അവകാശപ്പെട്ടത്. എന്നാൽ അത് കേട്ട അമ്മ ലുധിയാനയിലെത്തി സിദ്ധുവിനോട് ഇക്കാര്യം ചോദിച്ചപ്പോൾ ഏതോ മാദ്ധ്യമങ്ങൾ പറഞ്ഞിറക്കിയതാണെന്ന് അയാൾ അമ്മയോട് കള്ളം പറഞ്ഞു. തുടർന്ന് ആ പബ്ലിക്കേഷനെതിരെ അമ്മ പരാതി നൽകി. എന്നാൽ സിദ്ധു സ്വന്തം അമ്മയെ പിന്തുണച്ചില്ല.
1989 സെപ്റ്റംബറിൽ അനാഥയെപോലെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കിടന്നാണ് അമ്മ മരിച്ചത്. ജീവിച്ചിരിക്കുമ്പോൾ അമ്മയെ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും സിദ്ധു തയ്യാറായിരുന്നില്ലെന്നും അയാൾ പണത്തിന് വേണ്ടിയാണ് ജീവിച്ചത് എന്നും സുമൻ തൂർ വെളിപ്പെടുത്തി.
എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് സിദ്ധുവിന്റെ ഭാര്യ നവജ്യോത് കൗർ രംഗത്തെത്തിയിട്ടുണ്ട്. സിദ്ധുവിന്റെ അച്ഛൻ രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും ആദ്യ ഭാര്യയിൽ രണ്ട് പെൺകുട്ടികൾ ഉണ്ടെന്നും ഇവർ പറഞ്ഞു. അവരെപ്പറ്റി അധികമൊന്നും തങ്ങൾക്കറിയില്ലെന്നാണ് നവജ്യോത് കൗർ പറഞ്ഞത്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് അദ്ധ്യക്ഷനെതിരെയുള്ള ഇത്തരം ആരോപണങ്ങൾ പാർട്ടിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
















Comments