കണ്ണൂർ: സംസ്ഥാനത്ത് പ്രതിദിനകൊറോണ രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിൽ ഉയർന്നിരിക്കുന്ന സാഹചര്യത്തിലും തീക്കളിയുമായി കണ്ണൂർ സർവ്വകലാശാല. കൊറോണ തീവ്ര വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കണ്ണൂരിൽ ജില്ല കളക്ടറുടെ നിർദ്ദേശം പോലും മറികടന്നാണ് സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തിയത്.
നൂറിലേറെ ക്യാംപസുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 20 പേരിലധികം കൂടി നിൽക്കരുതെന്ന കർശന വിലക്കുണ്ടായിട്ടും മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി കോളേജുകളിൽ നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത ആഹ്‌ളാദ പ്രകടനങ്ങളുണ്ടായി. ബി കാറ്റഗറിയായ കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നെങ്കിലും സർവ്വകലാശാല പോളിങ്ങുമായി മുന്നോട്ട് പോവുകയായിരുന്നു.
രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയിൽ പൊതു പരിപാടികൾ നിരോധിച്ചിരുന്നു. ജില്ലയിൽ ഒരു തരത്തിലുമുള്ള രാഷ്‌ട്രീയ പൊതു പരിപാടികളും പാടില്ലെന്ന് കാണിച്ച് ജില്ലാ കളക്ടറും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുപ്പ് മാറ്റി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടർ വൈസ് ചാൻസിലർക്ക് നേരിട്ട് കത്ത് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
















Comments