കൊച്ചി: ബിഎസ്എഫിന് ഉൾനാടൻ ജല മേഖലകളിൽ നിരീക്ഷണം ശക്തമാക്കാനും രക്ഷാ പ്രവർത്തനങ്ങൾക്കുമായി മൂന്ന് ഫ്‌ളോട്ടിംഗ് ബോർഡ് ഔട്ട്‌പോസ്റ്റ് യാനങ്ങൾ കൂടി കൈമാറി കൊച്ചിൻ ഷിപ്പ്‌യാർഡ്. വരും മാസങ്ങളിൽ ഇത്തരത്തിലുള്ള മൂന്ന് യാനങ്ങൾ കൂടി കൈമാറും. കഴിഞ്ഞ ദിവസമാണ് യാനങ്ങൾ കൈമാറിയത്.
4 അതിവേഗ നിരീക്ഷണ ബോട്ടുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യമുൾപ്പെടെ യാനങ്ങളിൽ ഒരുക്കിയിട്ടുണ്ട്. അതിവേഗ നിരീക്ഷണ ബോട്ടുകൾക്കുള്ള ഫ്‌ളോട്ടിങ് ബേസ് ആയും ഇത്തരത്തിലുള്ള യാനങ്ങൾ പ്രവർത്തിക്കും. ചെറു യാനങ്ങൾക്ക് ആവശ്യമായ പെട്രോൾ, ശുദ്ധജലം, മറ്റ് സാമഗ്രികൾ എന്നിവ വിതരണം ചെയ്യാനും ഇവ ഉപയോഗപ്പെടുത്താം. 46 മീറ്റർ നീളവും 12 മീറ്റർ വീതിയിലുമാണ് ഇവ നിർമിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള ഒമ്പത് യാനങ്ങൾ നിർമ്മിച്ചു നൽകാനാണ് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന് ഓർഡർ ലഭിച്ചത്. രാജ്യത്തിന്റെ ജല അതിർത്തികൾക്ക് മികച്ച സംരക്ഷണം ഒരുക്കാൻ ലക്ഷ്യമിട്ടായിരുന്നു നീക്കം. രാജ്യത്തിന്റെ ഉൾനാടൻ ജല മേഖലകളിൽ, പ്രത്യേകിച്ചും ഗുജറാത്തിലെ കച്ചിലെ അരുവി പ്രദേശങ്ങൾ, പശ്ചിമ ബംഗാളിലെ സുന്ദർബൻ മേഖല എന്നിവിടങ്ങളിൽ വിന്യസിക്കുന്നതിനായി രൂപകൽപന ചെയ്യപ്പെട്ടവയാണ് ഇവ.
2019 മാർച്ചിലാണ് യാനങ്ങൾ നിർമിക്കാൻ ആഭ്യന്തര മന്ത്രാലയം തുറമുഖ-കപ്പൽ-ജലപാത മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ് യാർഡിന് ഓർഡറുകൾ നൽകിയത്.
















Comments