ലണ്ടൻ: യെമനിലും മറ്റ് സ്ഥലങ്ങളിലും സിവിലിയൻ കേന്ദ്രങ്ങളിളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണത്തെ അഞ്ചംഗ രാജ്യങ്ങളുടെ യോഗം ശക്തമായി അപലപിച്ചു. യു.എ.ഇ, സൗദി, യു.എസ്, യു.കെ, ഒമാൻ എന്നിവയാണ് യമനിലെ സാഹചര്യം വിലയിരുത്തുന്നതിന് യോഗം ചേർന്നത്. ലണ്ടനിൽ വെച്ചു നടന്ന യോഗത്തിൽ യമനിലെ യു.എസ് പ്രതിനിധിയടക്കം പങ്കെടുത്തു.
യെമനിലും പുറത്തുമുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് ഹൂതികൾ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് അഞ്ചംഗ രാജ്യങ്ങളുടെ യോഗം ചേർന്നത്. സൗദിക്കും യു.എ.ഇക്കും ആക്രമണത്തെ പ്രതിരോധിക്കുന്നതിന് അവകാശമുണ്ടെന്നും അക്കാര്യത്തിൽ എല്ലാ സഹായവും നൽകുമെന്നും യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ വ്യക്തമാക്കി. യമനിലെ യു.എൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബർഗിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങൾക്ക് അഞ്ച് രാജ്യങ്ങളും പിന്തുണ അറിയിക്കുകയും സംഘർഷം അവസാനിപ്പിക്കാൻ ചർച്ചക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.
യെമനിലെ വിവിധ വിഭാഗങ്ങളോട് യു.എൻ ശ്രമങ്ങളെ പിന്തുണക്കാൻ യോഗം ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിന് പതിവായി യോഗം ചേരാനും അഞ്ച് രാജ്യങ്ങൾ തീരുമാനിച്ചു. ഈ മാസം 17ന് ഹൂതികൾ അബുദാബിക്കുനേരെ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം വീണ്ടും ആക്രമണ ശ്രമമുണ്ടായെങ്കിലും യു.എ.ഇ അത് തകർത്തു. അന്താരാഷ്‌ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സിവിലിയൻ കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങളെ ലോകരാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു.














Comments