തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകൾ നാളെ ഹൈക്കോടതിയിൽ ഹാജരാക്കും. മുംബൈയിൽ പരിശോധനയ്‌ക്ക് അയച്ച രണ്ട് ഫോണുകൾ ഇന്ന് വൈകിട്ടോടെയാണ് എത്തുക. എല്ലാ ഫോണുകളും മുദ്രവച്ച കവറിൽ അഭിഭാഷകർ നാളെ കോടതിയിൽ ഹാജരാക്കും.
ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകളും ബന്ധു അപ്പുവിന്റെ ഫോണും കൈമാറണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസന്വേഷണത്തിന്റെ ഭാഗമായാണ് ഫോണുകൾ പരിശോധിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എറണാകുളം എംജി റോഡിലെ ഫ്‌ളാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ. അതേസമയം മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദിലീപിന്റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്.
















Comments