കൊച്ചി : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചിത്രത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവർ ആ സിനിമ കണ്ടിട്ടുണ്ടാവില്ലെന്ന് ഹൈക്കോടതി. സിനിമയിൽ പ്രഥമദൃഷ്ട്യാ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ല. വിമർശിക്കുന്ന 90 ശതമാനം ആളുകളും അത് കണ്ടിട്ടുണ്ടാവില്ല. സിനിമയ്‌ക്കെതിരേ നൽകിയ ഹർജി പ്രശസ്തിയ്‌ക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
ചുരുളി ഭാഷ എന്നൊരു പ്രയോഗം പോലും ഇപ്പോൾ ഉണ്ടായിട്ടുണ്ട്. 90 ശതമാനം ആളുകളും സിനിമ കാണാതെയാവണം അഭിപ്രായം പറയുന്നത്. സിനിമ കണ്ടു വിമർശിക്കുന്നതാണെങ്കിൽ മനസ്സിലാക്കാമെന്നും അല്ലാതെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചുരുളി പൊതു ധാർമ്മികതയ്‌ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിൽ നിന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞത്.
തുടർന്ന് പരിശോധന നടത്താൻ കോടതി പോലീസ് സംഘത്തെ നിയോഗിച്ചു. എന്നാൽ
സിനിമയിലെ ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതാണെന്ന് പറഞ്ഞ് പോലീസ് ഇതിന് ക്ലീൻ ചീറ്റ് നൽകുകയായിരുന്നു. സിനിമയിലെ ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ലെന്നും സിനിമ ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രമാണെന്നും പോലീസ് സംഘം വിലയിരുത്തി.
സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതിൽ കോടതിക്ക് കൈകടത്താൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
















Comments