പട്ടാമ്പി : പബ്ജിയുടെ ഇന്ത്യൻ പതിപ്പിൽ ഇനി മലയാളി ശബ്ദവും. ഗെയിമിന്റെ യുദ്ധക്കളത്തിൽ കളിക്കാരുടെ ശബ്ദമായി മാറുന്നത് പട്ടാമ്പിക്കാരനായ റമീസ് കാസ്‌ട്രോയാണ് . വീഡിയോ ഗെയിമിങ് സ്ട്രീമാറായ പാലക്കാട് പട്ടാമ്പി കൽപ്പക സ്ട്രീറ്റിലെ ഇരുപത്തിമൂന്നുകാരൻ റമീസ് കാസ്‌ട്രോയെ തേടിയാണ് ഈ അവസരം എത്തിയിരിക്കുന്നത്
റമീസിന്റെ യൂട്യൂബ് ഗെയ്‌മിങ് ചാനലായ ‘കാസ്‌ട്രോ’ ഇതിനോടകം 1.2 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് മറികടന്നിട്ടുണ്ട്. ഡിഗ്രി പഠനകാലത്ത് ഹോസ്റ്റലിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നാണ് റമീസ് വീഡിയോ സ്ട്രീമിങ് രംഗത്തേക്ക് കടക്കുന്നത്.
ഇതുകണ്ടാണ് ബി.ജി.എം.ഐ. റമീസിനെ ഗെയ്‌മിന് ശബ്ദംനൽകാൻ ഔദ്യോഗിക പങ്കാളിയായി ക്ഷണിച്ചത്. മുംബൈയിൽ ഡിസംബറിൽ ഇതിന്റെ റെക്കോർഡിങ്ങും നടന്നു. പബ്‌ജി ഗെയിം ലൈവ് ആയി കളിക്കുന്നത് സ്ട്രീം ചെയ്യുന്നത് വഴി പത്ത് ലക്ഷത്തിലധികം പ്രതിദിന കാഴ്ചക്കാരാണ് റമീസിന്റെ യുട്യൂബ് ചാനലിലേക്കെത്തുന്നത്.
മലയാളിയായ റമീസിന് പുറമേ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള രണ്ട് സ്ട്രീമർമാരെക്കൂടി ബി.ജി.എം.ഐ. ഔദ്യോഗിക പങ്കാളികളായി ക്ഷണിച്ചിട്ടുണ്ട്. അടുത്തദിവസങ്ങളിൽ പബ്ജി ഗെയിം ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട സ്ട്രീമേഴ്‌സിന്റെ വോയ്‌സ് പാക്കേജ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചതായി റമീസ് പറഞ്ഞു.
ഡിഗ്രിപഠനം പൂർത്തിയാക്കിയ റമീസിന് ഏഴുലക്ഷത്തോളം രൂപ ചെലവുവരുന്ന അത്യാധുനിക സംവിധാനത്തോടെയുള്ള ഗെയിമിങ് റൂം സ്വന്തമായുണ്ട്.
Comments