ന്യൂഡൽഹി: ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം ഇന്ന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇതിനായി തയ്യാറെടുത്തിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ട്വിറ്ററിൽ കുറിച്ചു. രാവിലെ 8.45ഓടെ ധനമന്ത്രി പാർലമെന്റ് മന്ദിരത്തിലെ നോർത്ത് ബ്ലോക്കിലെത്തി.
ഇതിനുശേഷം, രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതിയോട് അനുവാദം വാങ്ങിയ ശേഷം ധനമന്ത്രി വീണ്ടും തിരികെ പാർലമെന്റ് മന്ദിരത്തിലെത്തും. ബജറ്റ് അവതരണത്തിന് അംഗീകാരം ലഭിക്കുന്നതിനായി 10.10ന് കാബിനറ്റ് അംഗങ്ങളുടെ യോഗം സംഘടിപ്പിക്കും. ഇതിന് ശേഷമാണ് ബജറ്റ് അവതരിപ്പിക്കുക. വൈകിട്ട് 3.45ന് നിർമ്മല സീതാരാമൻ മാദ്ധ്യമങ്ങളെ കണ്ട് കൂടുതൽ വിശദീകരണം നൽകും.
ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ഘടനാപരമായ പരിഷ്‌കാരങ്ങൾ എന്നിവയിലൂടെ 2022 ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് വ്യവസായ ലോകം. കൊറോണ പ്രതിസന്ധിയ്‌ക്ക് ശേഷം കരകയറാൻ ശ്രമിക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്നത്തെ ബജറ്റ് അവതരണത്തിൽ അടിസ്ഥാന മേഖലയിലെ ശാക്തീകരണവും തൊഴിൽ മേഖലാ വികസനവും മുഖ്യ വിഷയമാകും. കർഷകർക്ക് കഴിഞ്ഞ രണ്ടു വർഷമായി 6000രൂപ പ്രതിമാസം നൽകുന്നത് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ബാങ്കുകൾ കരുത്താർജ്ജിക്കുന്നതിനാൽ ജനങ്ങൾക്ക് വായ്പാ ഇനത്തിൽ പദ്ധതികളും ആലോചിക്കുന്നുണ്ട്.
















Comments