ന്യൂഡൽഹി :എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ് സേവനത്തിൽ നിന്ന് സ്വമേധയാ വിരമിച്ചു. ഉത്തർപ്രദേശ് പോലീസിന്റെയും ഇഡിയുടേയും ഭാഗമായി 24 ഓളം വർഷം സർവ്വീസ് നടത്തിയ ശേഷമാണ് അദ്ദേഹം സ്വമേധയാ വിരമിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
10 വർഷത്തെ പോലീസ് ഉദ്യോഗത്തിനും 14 വർഷത്തെ ഇഡി ഡിപ്പാർട്ട്‌മെന്റിലെ സേവനത്തിനും ശേഷം താൻ ഇന്ന് സർവ്വീസിൽ നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർദ്ധക്യമാകാൻ 11 വർഷം കൂടി ബാക്കി നിൽക്കെ തുടർന്നും ജനങ്ങളെ സേവിക്കണമെന്നാണ് ആഗ്രഹം. പൊതുസമൂഹത്തോടുള്ള സേവന ബോധവും ഹൃദയത്തിൽ രാജ്യത്തോടുള്ള അർപ്പണബോധവും നിരന്തരം അനുഭവപ്പെടുന്നുത് കൊണ്ട് തന്നെ രാഷ്‌ട്രീയത്തിലേക്ക് കടക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്നും രാജേശ്വർ സിംഗ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും, ധനകാര്യമന്ത്രി നിർമ്മല സീതാരാമനും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും, ഇഡി ഡയറക്ടർ എസ്‌കെ മിശ്രയ്‌ക്കും രാജേശ്വർ സിംഗ് നന്ദി അറിയിച്ചു.
ഉത്തർപ്രദേശ് പോലീസിൽ പ്രവർത്തിച്ചിരുന്ന കാലത്ത്, സ്ത്രീകൾക്കും കുട്ടികൾക്കും, ഇരകൾക്കും അതിവേഗത്തിൽ നീതി ലഭ്യമാക്കാനാണ് താൻ ശ്രമിച്ചിരുന്നത്. പോലീസിലുള്ള അവരുടെ വിശ്വാസം എന്നും നിലനിർത്താൻ ശ്രമിച്ചിരുന്നു. ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക, സംസ്ഥാനത്ത് വളർന്നുവന്ന തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളെ ഇല്ലാതാക്കുക, നിരപരാധികളായ കുട്ടികളെയും യുവാക്കളെയും അക്രമങ്ങളിൽ നിന്ന് രക്ഷിക്കുക, എന്നിങ്ങനെയുള്ള കർത്തവ്യങ്ങൾ ചെയ്യാനായിരുന്നു താത്പത്യം. അതിനാൽ ആളുകളിൽ നിന്ന് തനിക്ക് സ്‌നേഹവും ബഹുമാനവും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ഒരു ലോക ശക്തിയാക്കാനാണ് പ്രയത്‌നിക്കുന്നത്. ഈ ദൗത്യത്തിൽ താനും പങ്കാളിയാകുകയും രാഷ്‌ട്രനിർമ്മാണ പ്രക്രിയയ്‌ക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യും. അവസാന ശ്വാസം വരെ പൊതുസേവനത്തിന്റെ പാതയിൽ തുടരുമെന്നും രാജേശ്വർ സിംഗ് വ്യക്തമാക്കുന്നു.
















Comments