കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേയ്‌ക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്‌ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം, ദിലീപിന്റെ ആറ് ഫോണുകൾ ആലുവ കോടതിയ്‌ക്ക് കൈമാറും, രജിസ്ട്രാർ ജനറൽ ഇന്ന് തന്നെ ആലുവ കോടതിയ്‌ക്ക് ഫോൺ കൈമാറണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണമോ എന്ന് ആലുവ കോടതി മജിസ്‌ട്രേറ്റിന് തീരുമാനിക്കാം എന്നും കോടതി അറിയിച്ചു. ഫോൺ അൺലോക്ക് ചെയ്യാനുള്ള പാറ്റേൺ ദിലീപ് കോടതിയ്‌ക്ക് കൈമാറും.
ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്റെ ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കിയ ഫോണുകൾ അന്വേഷണ സംഘത്തോട് പരിശോധിക്കാൻ കോടതി നിർദേശിച്ചു. പരിശോധനയ്‌ക്ക് പിന്നാലെയായിരുന്നു വാദം തുടങ്ങിയത്.
ദിലീപിന്റെ കോൾ രേഖകൾ പരിശോധിച്ചതിൽ ഒരു ഫോൺ ഹാജരാക്കിയില്ലെന്നാണ് മനസ്സിലാവുന്നത്. കണ്ടെത്താനുളള ഫോണിൽ നിന്നും 12000-ത്തിലേറെ ഫോൺകോളുകൾ ചെയ്തിട്ടുണ്ട്. ദിലീപിന്റെ മറ്റൊരു ഫോണിൽ ആണ് 2000 കോളുകൾ ഉളളതെന്നും കോൾ രേഖകളിൽ നിന്നും വ്യക്തമാണ്. ദിലീപിനെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ ഫോൺ പരിശോധിക്കാനും കൂടുതൽ കാര്യങ്ങൾ അറിയാനും സാധിക്കൂ. അന്വേഷണത്തിലൂടെ ഇപ്പോൾ തന്നെ ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
കൂടുതൽ തെളിവുകൾക്ക് വേണ്ടിയാണ് ദിലീപിനെ കസ്റ്റഡിയിൽ വിട്ടുതരാൻ ആവശ്യപ്പെടുന്നത്. സിഡിആറിൽ ഉള്ള എല്ലാ ഫോണുകളും ദിലീപും കൂട്ടുപ്രതികളും കൈമാറണം. ഇതിൽ ഒരു വിട്ടുവീഴ്യുമില്ല. അല്ലാത്ത പക്ഷം ദിലീപ് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അടുത്ത നടപടിയുമായി മുന്നോട്ട് പോകും. പന്ത്രണ്ടായിരം ഫോൺകോളുകൾ ചെയ്ത ഫോൺ എവിടെയെന്ന് ദിലീപിനറിയില്ലെന്നാണ് പറയുന്നത്. നാല് ഫോണുകളാണ് ദിലീപ് ഉപയോഗിച്ചത്. എന്നാൽ മൂന്ന് ഫോണുകളാണ് സമർപ്പിച്ചത്. സിഡിആറിൽ ഉളള മുഴുവൻ ഫോണുകളും ദിലീപും കൂട്ടു പ്രതികളും കൈമാറണം. 2021 ജനുവരി മുതൽ ഓഗസ്റ്റ് 31 വരെ ഉപയോഗിച്ച ഫോണാണ് ദിലീപ് ഹാജരാക്കത്തത് എന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിലീപ് ഹാജരാക്കിയ ഫോണുകൾ ഏതൊക്കെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി വാദം തുടരുക എന്ന് കോടതി അറിയിച്ചു.
















Comments