ലക്നൗ : കോൺഗ്രസ് പാർട്ടി ഓഫീസിനു മുന്നിൽ വച്ച് കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നഗരത്തിലെത്തിയതാണ് കനയ്യ കുമാർ . അതേസമയം കനയ്യയ്‌ക്ക് നേരെ എറിഞ്ഞത് മഷിയല്ലെന്നും ഒരുതരം ആസിഡാണെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.
“പ്രതികൾ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നിരുന്നാലും, കുറച്ച് തുള്ളികൾ സമീപത്ത് നിന്ന 3-4 യുവാക്കളുടെ മേൽ വീണു,” നേതാക്കൾ പറഞ്ഞു.
പാർട്ടി പ്രവർത്തകർ മഷി ഒഴിച്ചയാളെ പിടികൂടിയെങ്കിലും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലക്നൗവിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് തേടി വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്താനാണ് കനയ്യ കുമാർ എത്തിയത്.
പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കയുടെ നേതൃത്വത്തിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം വിപുലമാക്കാനാണ് തീരുമാനമെന്ന് കനയ്യ കുമാർ പറഞ്ഞു. ഹത്രാസ്, ഉന്നാവോ, ലഖിംപൂർ ഖേരി സംഭവങ്ങൾ നടന്നത് മുതൽ, നീതി തേടി കോൺഗ്രസ് തെരുവിലാണെന്നും കനയ്യ പറഞ്ഞു.
2018ൽ ഗ്വാളിയോറിൽ വെച്ച് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്കും കനയ്യ കുമാറിനും നേരെ ഒരാൾ മഷി എറിഞ്ഞിരുന്നു.
















Comments