ഗാസിയാബാദ്: യുപിയെ വികസനത്തിന്റെ പേരിൽ കബളിപ്പിച്ചവരാണ് മുൻപ് ഭരിച്ചിരുന്നവരെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017 ൽ ബിജെപി അധികാരത്തിലെത്തിയ ശേഷമാണ് സംസ്ഥാനത്തെ 12 കോടി 61 ലക്ഷം ജനങ്ങൾക്ക് കക്കൂസ് പോലും കിട്ടിയതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഗാസിയാബാദിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു യോഗി.
2017 ന് മുൻപ് യുപിയുടെ വികസനത്തിനായുളള പണം സമാജ് വാദി പാർട്ടി ഓഫീസിൽ പൂഴ്‌ത്തിവെച്ചിരിക്കുകയായിരുന്നു. ബിജെപി അധികാരത്തിലെത്തിയതോടെയാണ് ഈ പണം പിടിച്ചെടുത്ത് യുപിയുടെ വികസനത്തിന് വിനിയോഗിക്കാൻ തുടങ്ങിയത്. 30,000 കോടി രൂപയുടെ ഡൽഹി മീററ്റ് അതിവേഗ റെയിൽ ഇടനാഴി ഉൾപ്പെടെയുളള പദ്ധതികൾ ഇതിന് തെളിവാണെന്ന് യോഗി പറഞ്ഞു.
പാവപ്പെട്ട ജനങ്ങളുടെ സൗകര്യങ്ങളാണ് മുൻപുളള സർക്കാരുകൾ കവർന്നത്. മുൻപ് പെൺകുട്ടികൾ വീടിന് പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന സമയമായിരുന്നുവെന്ന് യോഗി കൂട്ടിച്ചേർത്തു. അഞ്ച് വർഷത്തിനിടെ ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണയെ പ്രതിരോധിക്കാൻ രണ്ട് ഡോസ് വാക്‌സിനാണ് ബിജെപി സർക്കാർ ജനങ്ങൾക്ക് സൗജന്യമായി നൽകിയത്. അതുപോലെ യുപിയിൽ അധികാരത്തിലെത്തിയാൽ രണ്ട് ഡോസ് റേഷനും എല്ലാ വീടുകളിലും ഓരോ മാസവും നൽകുമെന്ന് യോഗി പറഞ്ഞു.
















Comments