തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ജലീൽ നടത്തിയ പരാമർശങ്ങൾ നിയമ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസയച്ചത് .
സിറിയക് ജോസഫിനെതിരെ നടത്തിയ പരാമർശം യഥാർത്ഥത്തിൽ ഐസ്ക്രീം പാർലർ കേസിൽ വിധിയെഴുതിയ അന്നത്തെ ചീഫ് ജസ്റ്റിസ് സുഭാഷൻ റെഡ്ഡിക്കെതിരെയാണ്. കോഴവാങ്ങിയാണ് ഐസ്ക്രീം പാർലർ കേസിൽ ജഡ്ജിമാർ വിധി പറഞ്ഞതെന്ന പരാമർശം കേരളാ ഹൈക്കോടതിയ്‌ക്കും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്‌ക്കും എതിരാണെന്നും സന്ദീപ് ചൂണ്ടിക്കാട്ടുന്നു .
രാജ്യത്തെ നിയമ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്ന ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിന് എ.ജി അനുമതി നൽകണമെന്നുമാണ് സന്ദീപിന്‍റെ ആവശ്യം. സ്പീഡ് പോസ്റ്റ് മുഖാന്തിരമാണ് അപേക്ഷ നൽകിയിരിക്കുന്നത്.
“യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.2005 ജനുവരി 25ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും” എന്നിങ്ങനെ ഗുരുതര ആരോപണമാണ് കെ.ടി ജലീൽ ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരുപറയാതെ പരോക്ഷമായി ഉയർത്തിയത് . ആരോപണത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നും ജലീൽ വ്യക്തമാക്കിയിരുന്നു . ഈ സാഹചര്യത്തിൽ ആണ് സന്ദീപ് എ ജിയെ സമീപിക്കുന്നത്
















Comments