ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സേന തെരച്ചിൽ ആരംഭിച്ചു.
ഭീകരർ ഒളിഞ്ഞിരിക്കുന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സേന പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് ഭീകരർ വെടിയുതിർത്തത്. തുടർന്ന് ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പ്രദേശത്ത് ഏറ്റുമുട്ടൽ പതിവാണ്. പോലീസിന്റെ കണക്കനുസരിച്ച് ഏകദേശം 22 ഭീകരരാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. ഇതിൽ 13 പേരും ജെയ്ഷ മുഹമ്മദ് ഭീകരർ ആയിരുന്നു.
Comments