ബെംഗളൂരു : ഉഡുപ്പിയിലെ സർക്കാർ കോളേജുകളിലെ ഹിജാബ് വിവാദം ശിവമോഗയിലേക്ക് വ്യാപിക്കുന്നു . സർ എംവി സർക്കാർ കോളേജിലെ വിദ്യാർത്ഥികളാണ് ഉഡുപ്പിയിലെ വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ചെത്തിയത് . എന്നാൽ ഇതിനെതിരെ ഒരു കൂട്ടം വിദ്യാർത്ഥികൾ കാവി ഷാൾ അണിഞ്ഞെത്തി പ്രതിഷേധിച്ചു.
ഹിജാബ് ക്ലാസ് മുറികളിൽ ആകാമെങ്കിൽ കാവിയും ആകാമെന്ന് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു . അതേസമയം ക്ലാസ്മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളിലൊരാൾ ഹൈക്കോടതിയിൽ ഹർജി നൽകി. വിദ്യാർത്ഥികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും അത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമാണെന്നും വിദ്യാർത്ഥി രേഷം ഫാറൂഖിന് വേണ്ടി സമർപ്പിച്ച റിട്ട് ഹർജിയിൽ പറയുന്നു.
വിദ്യാർഥികളും രക്ഷിതാക്കളും സർക്കാർ ഉദ്യോഗസ്ഥരും സ്‌കൂൾ മാനേജ്‌മെന്റും തമ്മിൽ നടത്തിയ ചർച്ചയിൽ ഹിജാബ് പ്രശ്‌നം പരിഹരിക്കേണ്ടതായിരുന്നു. ജനുവരി 19 ബുധനാഴ്ച നടന്ന യോഗത്തിൽ തീരുമാനമായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
















Comments