കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയതെന്നും ദിലീപ് നൽകിയ ഹർജിയിൽ പറയുന്നു. തുടരന്വേഷണത്തിന് ഒരുമാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തത്. 28ന് രാത്രി പരാതി ലഭിച്ചു, 29ന് രാവിലെ തുടർ അന്വേഷണം ആരംഭിച്ചുവെന്ന് ദിലീപിന്റെ ഹർജിയിൽ പറയുന്നു. ബാലചന്ദ്രകുമാറിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രം. ഹാജരാക്കിയ ഓഡിയോ യഥാർഥത്തിൽ റെക്കോർഡ് ചെയ്ത ഫോൺ ബാലചന്ദകുമാറിന്റെ കൈവശമില്ല. തന്നെ അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യ ചെയ്യാനും ആണ് തുടരന്വേഷണം എന്നും ദിലീപ് ഹർജിയിൽ പറയുന്നു.
നേരത്തെ ഒരു മാസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കാനാണ് വിചാരണ കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. ആറ് മാസത്തെ സമയമാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ മാർച്ച് ഒന്നാം തീയതിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്.
Comments