ന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രചാരണം നടത്താൻ അനുവദിക്കണമെന്ന അസംഖാന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജാമ്യാപേക്ഷ പരിഗണിക്കേണ്ട ജഡ്ജിമാരുടെ ബഞ്ച് ഇന്ന് ചേരാതിരുന്നതിനാലാണ് നീട്ടിയത്. 2020 ഫെബ്രുവരി മുതൽ സീതാപൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് സമാജ് വാദി പാർട്ടി നേതാവായ അസം ഖാൻ. ഉത്തർപ്രദേശ് ഹൈക്കോടതി അടക്കം അനുമതി നൽകാതിരുന്നതിനാലാണ് അസം ഖാൻ സുപ്രീം കോടതിയെ സമീപിച്ചത്.
തനിക്കെതിരെ മൂന്ന് കേസുകളിലായി ജാമ്യം തടഞ്ഞുവെച്ചിരിക്കുകാണ്. യോഗി ആദിത്യ നാഥ് സർക്കാർ പ്രതികാരം ചെയ്യുകയാണെന്നും അസം ഖാൻ ആരോപിച്ചു. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്കായി പ്രചാരണം നടത്താനാണ് വിലക്ക്. ഈ മാസം 10 മുതൽ മാർച്ച് 7 വരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് സമാജ് വാദി പാർട്ടി നേതാവെന്ന നിലയിൽ തനിക്ക് പ്രചാരണം നടത്താൻ രാഷ്‌ട്രീയപരമായ എല്ലാ അവകാശവുമുണ്ടെന്നാണ് അസം ഖാൻ വാദിക്കുന്നത്.
നിരവധി കേസുകൾ താൻ പ്രതിയാണെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുന്നത്. മൂന്ന് കേസുകൾ ക്രിമിനൽ കേസുകളാണെന്നും അതിനാൽ ജാമ്യം നൽകാനാകില്ലെന്നും പറയുന്നത് ന്യായീകരിക്കാനാകില്ല. രാഷ്‌ട്രീയ പരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ് പ്രചാരണ ഇടങ്ങൾ. തനിക്കെതിരെ രാഷ്‌ട്രീയ പരാമർശം നടത്താൻ ഏല്ലാവർക്കും അവകാശമുണ്ടെന്നും അത് ജനാധിപത്യ മര്യാദയാണെന്നും അസം ഖാൻ പറഞ്ഞു.
















Comments