കൊച്ചി: എറണാകുളം സെഷൻസ് കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി, രാഷ്‌ട്രപതി, മുഖ്യമന്ത്രി, സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേന്ദ്ര വിജിലൻസ് കമ്മീഷണർ, കേന്ദ്ര-സംസ്ഥാന വനിത കമ്മീഷണൻ എന്നിവർക്ക് നടി കത്ത് നൽകി. അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ടാണ് കത്ത്.
താൻ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ എറണാകുളം സെഷൻസ് കോടതിയിൽ നിന്നും ചോർന്നുവെന്ന വാർത്തകൾ പുറത്ത് വരുന്നു. ഇതിൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. വിദേശത്തുള്ള ചില ആളുകളിൽ ദൃശ്യങ്ങൾ എത്തിയെന്ന വാർത്തകളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.
ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണ്. തന്റെ സ്വകാര്യതയെ ഹനിക്കുന്ന സംഭവമാണിത് എന്നും കത്തിൽ പറയുന്നു. കോടതിയിൽ നിന്നും നീതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് താൻ. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു.
2019 ഡിസംബറിലാണ് ദൃശ്യങ്ങൾ ചോർന്നതായി വിചാരണ കോടതി സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറൻസിക് വിഭാഗമായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. എറണാകുളം സെഷൻസ് കോടതിയിൽ നിന്നും വിചാരണ കോടതിയിലേയ്‌ക്ക് എത്തിച്ചപ്പോഴാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണ് സൂചന.
Comments