കൊച്ചി: വധശ്രമ ഗൂഢാലോചനകേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി ദിലീപ്. ബൈജു പൗലോസിന്റെ പക്കലുള്ള നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണം തന്നിൽ നിന്നും പിടിച്ചെടുത്തുവെന്ന് വരുത്തി തീർക്കാനാണ് തനിക്കെതിരെ ഗൂഢാലോചനക്കേസ് എടുത്തതെന്ന് ദിലീപ് ആരോപിച്ചു.
ബാലചന്ദ്രകുമാറിന്റെ ഒപ്പിടാത്ത മൊഴി പ്രകാരം റിപ്പോർട്ട് തയ്യാറാക്കിയതും കേസ് എടുത്തതും ഇതിന് തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനായി ബൈജു പൗലോസും എ.ഡിജി.പിയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.വൈ.എസ്.പി ബൈജു പൗലോസിന് തന്നോട് വർഷങ്ങളായി പകയും വിദ്വേഷവുമുണ്ടെന്ന് ദിലീപ് പറഞ്ഞു.ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തതും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതടക്കമുള്ള കാര്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടി.
അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന സർക്കാർ വാദത്തിനുള്ള മറുപടി ദിലീപ് രേഖാമൂലം കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷന്റെ വാദങ്ങൾക്കു ശേഷം ദിലീപിന്റെ അഭിഭാഷകൻ അധികവാദങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ചപ്പോൾ അത് രേഖമൂലം എഴുതി നൽകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് അഭിഭാഷകൻ മുഖേന മറുപടി കോടതിയിൽ ഇന്ന് ഫയൽ ചെയ്തത്.
















Comments