ആമസോൺ സ്ഥാപകനായ ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ പുത്തൻ സൂപ്പർ യാച്ചിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങൾ നിറയെ. അത്യാഡംബര സൗകര്യങ്ങളോടെ നിർമ്മിക്കുന്ന യാച്ച് നീറ്റിലിറങ്ങുന്നതും കാത്തിരിക്കുകയാണ് ആളുകൾ.
എന്നാൽ യാച്ചിന് അടുത്തകാലത്തൊന്നും വെള്ളം കാണാൻ പറ്റില്ലെന്നാണ് റോട്ടർഡാമുകാർ പറയുന്നത്. നാട്ടുകാർ അങ്ങനെ വെറുതെ പറയുന്നതല്ല. കപ്പൽശാലയിൽ നിന്ന് സൂപ്പർ യാച്ചിന് പുറത്ത് കടക്കാൻ റോട്ടർഡാമിലെ പ്രശസ്തമായ കോണിംഗ്‌ഷെവൻബ്രഗ് പാലം പൊളിക്കേണ്ടി വരും. എന്നാൽ ശതകോടീശ്വരനായാലും പാവപ്പെട്ടവനായാലും കളി പൈതൃക സ്മാരകങ്ങളോട് വേണ്ട എന്നാണ് റോട്ടർഡാമുകാരുടെ പക്ഷം.
റോഡ്ഡർ ഡാമിലെ പ്രശസ്തമായ കോണിംഗ്‌ഷെവൻബ്രഗ് പാലം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് റോട്ടർഡാമുകാർ പറയുന്നത്. അതോടെ യാച്ച് നീറ്റിലിറക്കാനാവാതെ പെട്ടിരിക്കുകയാണ് ജെഫ് ബെസോസ്. സാധാരണയായി കപ്പലുകൾ പണി കഴിഞ്ഞ് നീറ്റിലിറക്കുമ്പോൾ 130 അടി ഉയരത്തിലുള്ള പാലത്തിന്റെ അടിയിലൂടെ അവയ്‌ക്ക് സുഖമായി സഞ്ചരിക്കാൻ സാധിക്കും. എന്നാൽ ജെഫിന്റെ യാച്ചിന്റെ കൊടിമരത്തിന് പാലത്തേക്കാൾ ഉയരമുള്ളതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.
ശതകോടീശ്വരന് വേണ്ടി പാലം പൊളിക്കാൻ തുനിഞ്ഞാൽ ചീമുട്ടയേറ് കൊള്ളേണ്ടി വരുമെന്ന് റോട്ടർഡാമുകാർ ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിനായി അവർ സമൂഹമാദ്ധ്യമങ്ങൾ വഴി ക്യാമ്പയിനും ആരംഭിച്ച് കഴിഞ്ഞു.
2017 ൽ പാലം നവീകരിച്ചപ്പോൾ ഇനിയൊരിക്കലും പൊളിക്കില്ലെന്ന് പ്രാദേശിക കൗൺസിൽ പ്രതിജ്ഞ എടുത്തിരുന്നു. എന്നാൽ ജെഫിന്റെ കപ്പൽ പോകാൻ ഈ പ്രതിജ്ഞ ലംഘിക്കപ്പെടേണ്ടി വരൂമെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം പാലം പൊളിക്കുന്നതിന് ആവശ്യമായ ചിലവുകളെല്ലാം വഹിക്കുമെന്ന് ജെഫ് ബെസോസ് അറിയിച്ചിട്ടുണ്ട്.നെതർലാൻഡിലെ പടിഞ്ഞാറ് അൽബ്ലാസെർഡാമിലെ ഓഷ്യാനോ കപ്പൽശാലയിലാണ് സൂപ്പർ യാച്ചിൻറ നിർമ്മാണം പുരോഗമിക്കുന്നത്.
Comments