കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു. കൊച്ചി എളമക്കര പോലീസാണ് കേസെടുത്തത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2011ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പത്ത് വർഷം മുമ്പ് കൊച്ചിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പീഡിപ്പിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പീഡന ദൃശ്യങ്ങൾ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
വർഷങ്ങൾക്ക് ശേഷം ബാലചന്ദ്രകുമാറിനെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്. ബാലചന്ദ്രകുമാർ തെറ്റിന്റെ കൂമ്പാരമാണെന്നും നടിയ്‌ക്ക് നീതി കിട്ടണം എന്നല്ല അയാളുടെ ആവശ്യമെന്നും യുവതി കൂട്ടിച്ചേർത്തു. സംവിധായകന്റെ കൈവശം പെൻക്യാമറ അടക്കമുള്ള സാധനങ്ങൾ എപ്പോഴും കാണുമെന്നും യുവതി പറഞ്ഞു.
പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌തെന്നും പരാതി നൽകിയാൽ വീഡിയോ പുറത്തുവിടുമെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ഭീഷണി. ബലാത്സംഗത്തിന് ശേഷം ചാനൽ ചർച്ചകളിലാണ് സംവിധായകനെ കണ്ടത്. ഓരോ ചർച്ച കഴിയുമ്പോഴും താൻ അയാൾക്ക് മെസേജ് അയക്കുന്നുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.
















Comments