തിരുവനന്തപുരം: കൊറോണ മൂന്നാംതരംഗത്തെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്ച നിയന്ത്രണം ഇന്ന് കൂടി തുടരും. പരീക്ഷകൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായുള്ള യാത്രക്കൾ, അവശ്യസർവീസുകൾ എന്നിവ അനുവദിക്കും.
അനാവശ്യയാത്ര അനുവദനീയമല്ല. ഇത്തരത്തിൽ യാത്ര ചെയ്യുന്നവരുടെ വാഹനം പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. കഴിഞ്ഞ അവലോകന യോഗത്തിൽ ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിരുന്നു.
അവശ്യസർവീസുകളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. ആശുപത്രി, വാക്‌സിൻ കേന്ദ്രം, ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവടങ്ങളിലേയ്‌ക്ക് രേഖകളുമായി യാത്ര ചെയ്യാം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം. റസ്റ്റോറന്റുകളിലും, ബേക്കറികളിലും പാഴ്‌സൽ സർവീസ് മാത്രം. കള്ളുഷാപ്പ് ഒഴികെയുള്ള മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല എന്നിയവയാണ് ഞായറാഴ്ച നിയന്ത്രണങ്ങൾ.
അതേസമയം, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാകില്ലെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ ടയർ-3 വിവരണാത്മക പരീക്ഷ നടക്കുന്നത്. രാവിലെ 11 മുതൽ 12 വരെയാണ് പരീക്ഷാ സമയം. പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ ഇ-അഡ്മിറ്റ് കാർഡ്, ഹാൾ ടിക്കറ്റ്, ജീവനക്കാരുടെ ഓഫീസ്/കോളജ് തിരിച്ചറിയൽ രേഖ എന്നിവ ഈ ആവശ്യത്തിനു മാത്രമായി യാത്രാ രേഖയായി കണക്കാക്കണമെന്നും പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.
















Comments