ന്യൂഡൽഹി: ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലതാമങ്കേഷകർ വിടവാങ്ങി. മുംബൈയിൽ കൊറോണാനന്തര ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കർ ഇന്ന് രാവിലെയോടെയാണ് വിടവാങ്ങിയത്.
സ്വരമാധുര്യംകൊണ്ട് ആരാധകരുടെ മനം കവർന്ന് ഇന്ത്യയുടെ യശ്ശസ് വാനോളമുയർത്തിയ പ്രിയ പാട്ടുകാരിയുടെ നിര്യാണത്തിൽ രാജ്യത്ത് രണ്ട് ദിവസം ദു: ഖാചരണം. ലതാമങ്കേഷ്‌കറോടുള്ള ആദര സൂചകമായി ഇന്ത്യയുടെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും.
പ്രിയ ഗായികയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.വാക്കുകൾക്ക് അതീതമായി ഞാൻ വേദനിക്കുന്നു. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞു. ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് ലതാ മങ്കേഷ്‌കർ യാത്രയായത്. വരും തലമുറകൾ ദീദിയെ ഇന്ത്യൻ സംസ്‌കാരത്തിന്റെ അഗ്രഗണ്യയായി ഓർക്കും, ലതാ ദീദിയുടെ ശ്രുതിമധുരമായ ശബ്ദത്തിന് ആളുകളെ മയക്കാനുള്ള സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. 1942 ൽ തന്റെ 13 ാം വയസിലാണ് മങ്കേഷ്‌കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്.
















Comments