കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. നിലവിൽ മുറിവ് ഉണങ്ങാനുള്ള മരുന്ന് മാത്രമാണ് വാവയ്‌ക്ക് നൽകുന്നതെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
വാവ സുരേഷിനെ വീട്ടിലേയ്‌ക്ക് കൊണ്ടുപോകാനായി പ്രത്യേക ആംബുലൻസ് സജ്ജമാക്കി. ഡോക്ടർമാർ രണ്ട് മാസത്തെ പൂർണ വിശ്രമം വാവ സുരേഷിന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്രയും ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞതും 65 കുപ്പി ആന്റിവെനം നൽകിയതും ശരീരത്തിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശ്രമത്തിന് നിർദ്ദേശം നൽകിയത്.
ജനുവരി 31നാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിന് മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റുകയായിരുന്നു.
















Comments