കൊച്ചി: ദിലീപിന് ജാമ്യം അനുവദിച്ചതിൽ ദുഃഖമോ സന്തോഷമോ ഇല്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ജാമ്യം കിട്ടിയതിൽ സന്തോഷിക്കേണ്ടത് ദിലീപാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ളവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം.
ജാമ്യം കിട്ടയത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായി മാറും. ശക്തനായ പ്രതി പുറത്ത് നിൽക്കുമ്പോൾ സ്വാഭാവികമായും അത് അന്വേഷണത്തെ ബാധിക്കും. പ്രതി പ്രബലനാണ്. തനിക്കെതിരായ പീഡന പരാതി ദിലീപ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണ് ദിലീപ് അടക്കമുള്ളവർക്ക് ജാമ്യം അനുവദിച്ചത്.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തായ ശരത് എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു. ദിലീപ് കോടതിയിൽ പാസ്‌പോർട്ട് ഹാജരാക്കണം. അന്വേഷണവുമായി പ്രതികൾ സഹകരിക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യം വേണമെന്നും കോടതി നിർദ്ദേശിച്ചു. ഉപാധികൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
















Comments