ബെംഗളൂരു: കർണാടകയിലെ കുന്താപുര ഗവൺമെന്റ് പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേക മുറി അനുവദിച്ചു. സാധാരണ ക്ലാസിൽ കയറണമെങ്കിൽ യൂണിഫോം നിർബന്ധമാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ രണ്ട് കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചു.
135 വർഷം പഴക്കമുള്ള കോളേജിനെ നിസ്സാരമായ വിവാദത്തിന്റെ പേരിൽ ഇനി പരസ്യമായി അപമാനിക്കാൻ കഴിയില്ലെന്ന് പിയു കോളേജ് വികസന സമിതി വക്താവ് മോഹൻദാസ് ഷേണായി വ്യക്തമാക്കി. ഹിജാബ് ധരിച്ച് എത്തുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി പ്രത്യേക മുറി നൽകും. യൂണിഫോം ധരിച്ചാലേ സാധാരണ ക്ലാസ് മുറിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജിന്റെ പ്രവർത്തനങ്ങൾ സുഗമമായി നിറവേറ്റാൻ കോളേജിലെ ഡ്രസ് കോഡ് പാലിക്കാൻ രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
ഹിജാബ് വിഷയം നിലവിൽ കർണ്ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്‌കൂളുകളിൽ പ്രകടമായി മതസ്വഭാവം വെളിവാക്കുന്ന വസ്ത്രങ്ങൾ യൂണിഫോമിനൊപ്പം അനുവദിക്കാനാകില്ലെന്ന നിയമം കർണ്ണാടക പൊതുവിദ്യാഭ്യാസ വകുപ്പാണ് നടപ്പാക്കുന്നത്.സ്‌കൂളുകളും കോളേജുകളും മതം ആചരിക്കാനുള്ള സ്ഥലങ്ങളല്ല, വിദ്യാഭ്യാസം നേടാനുള്ള സ്ഥലങ്ങളാണെന്നും അതിനാൽ ഇത്തരം ആവശ്യങ്ങൾ ഒഴിവാക്കണമെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ ചെയ്തിക്ക് പിന്നിൽ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. ക്യാമ്പസ് ഫ്രണ്ടാണ് ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ക്ലാസുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നും , ഇല്ലെങ്കിൽ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ക്യാമ്പസ് ഫ്രണ്ട് ഭീഷണിപ്പെടുത്തിയിരുന്നു
ഹിജാബ് വിവദത്തിനിടെ കഴിഞ്ഞ ദിവസം കോളേജിനടുത്തു നിന്ന് മാരകായുധങ്ങളുമായി രണ്ട് പേർ അറസ്റ്റിലായിരുന്നു. കോളേജിന് പുറത്ത് അക്രമം അഴിച്ച് വിടാൻ ശ്രമിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. കോളജിലെ ഹിജാബ് വിവാദത്തിൽ വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് ദേശവിരുദ്ധ ശക്തികളാണെന്ന് കർണാടക ആഭ്യനന്തര വകുപ്പ് സൂചന നൽകിയിരുന്നു.വിദ്യാർത്ഥിനികൾക്ക് പഠന സംബന്ധമായോ മറ്റ് സ്‌കൂൾ കാര്യങ്ങളിലോ ഇതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ഇതിനിടെയാണ് വേഷം സംബന്ധിച്ച് വിവാദം ഉയർന്നുവന്നത്. ഇതുമാത്രം വിഷയമാക്കി ഇത്ര ദിവസമായി വിദ്യാർത്ഥിനികൾ ഒരു സ്‌കൂളിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
















Comments