യുഎഇ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎഇ. രണ്ടു വർഷത്തിനുള്ളിൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ജൂലൈ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കി തുടങ്ങും. കാർബൺ ബഹിർഗമനം കുറക്കാനും രാജ്യം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് യുഎഇ പ്രഖ്യാപിച്ചത്. ഈ വർഷം ജൂലൈ 1 മുതൽ സൂപ്പർമാർക്കറ്റുകൾ, കഫറ്റീരിയകൾ, റെസ്റ്ററന്റുകൾ, ഓൺലൈൻ ഡെലിവറികൾ, ഫാർമസികൾ തുടങ്ങി സമസ്ത മേഖലകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിയന്ത്രണം കൊണ്ടുവരും.
ഇതിന്റെ ഭാഗമായി ഓരോ പ്ലാസ്റ്റിക് കവറുകൾക്കും 25 ഫിൽസ് വീതം ഈടാക്കുമെന്ന് എക്‌സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. വലിയ തോതിൽ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്ന രാജ്യമാണ് യുഎഇ. അതിനിടെ രാജ്യത്തിന്റെ കാർബൺ ബഹിർഗമനം 2030 ഓടെ 30 ശതമാനം കുറക്കാൻ യുഎഇ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 2050 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്‌ക്കുന്നതിനും ആഗോള താപനിലയിലെ വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്താനും ദീർഘകാല തന്ത്രങ്ങൾ തയ്യാറാക്കാൻ പാരീസ് ഉടമ്പടി ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് യുഎഇയുടെ നടപടികൾ.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ക്രിയാത്മക നടപടികൾ രാജ്യം സ്വീകരിച്ചു വരികയാണ്. പ്രകൃതി സൗഹൃദ നടപടികളിലൂടെ രാജ്യത്ത നയിക്കാൻ മെന മേഖലയിൽ ആദ്യമായി 600 ബില്യൺ ദിർഹം പുനരുപയോഗ ഊർജത്തിൽ നിക്ഷേപം നടത്തിയ രാജ്യമാണ് യുഎഇ.














Comments