ലക്‌നൗ:ബിജെപിയുടെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക(ലോക് കല്യാൺ സങ്കൽപ് പത്ര) ഇന്ന് പുറത്തിറക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് പത്രിക പുറത്തിറക്കുക. കഴിഞ്ഞ ദിവസം പ്രകടന പത്രിക പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അന്തരിച്ച പ്രിയ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദര സൂചകമായി പത്രിക പുറത്തിറക്കുന്നത് മാറ്റി വെക്കുകയായിരുന്നു.
യുപിയിലെ വികസന പ്രവർത്തന പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ വ്യക്തമാക്കുന്നതായിരിക്കും പ്രകടനപത്രികയെന്നാണ് സൂചന.
ദേശീയത, സദ്ഭരണം, കാശി-മഥുര വികസനം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സമഗ്ര പ്രകടന പത്രികയാകും ഇന്ന് ബിജെപി പുറത്തിറക്കുക. യുപിയുടെ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയിലുള്ള കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ്, ദിനേശ് ശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിലാകും അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കുക.
അതേസമയം, ബിജെപി പ്രകടപത്രിക പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ തങ്ങളുടെ പ്രകടനപത്രിക പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിലപാട്.കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും ബിജെപി പാലിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം ബിജ്‌നോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സമാജ് വാദി പാർട്ടിയ്‌ക്കെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. സാധാരണക്കാരന്റെ വികസനത്തിനോടുള്ള ദാഹം, പുരോഗതിയോടുള്ള ദാഹം, ദാരിദ്രത്തിൽ നിന്നുള്ള സ്വതന്ത്ര്യത്തിന്റെ ദാഹം എന്നിവയുമായി ചിലർക്ക് യാതൊരു ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അവർ ചെയ്തത് അവരുടെ ദാഹം ശമിപ്പിക്കുക എന്നതായിരുന്നു. അവർ സ്വന്തം ഖജനാവിന്റെ ദാഹം ശമിപ്പിച്ചുകൊണ്ടേയിരുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഫെബ്രുവരി പത്തിനാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.ഏഴ് ഘട്ടമായി ഫെബ്രുവരി 10,14,20,23,27 മാർച്ച് 3,7 തീയതികളിലാണ് വോട്ടെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
















Comments