ബംഗളൂരു: കർണാടകയിലെ ഉടുപ്പി മഹാത്മാഗാന്ധി കോളേജിലും ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. കാവി തലപ്പാവും ഷോളുമണിഞ്ഞെത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്നത് വരെ ഈ വേഷം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഹിജാബ് ധരിച്ച് ഒരുവിഭാഗം കുട്ടികൾ കോളേജിലെത്തി പ്രതിഷേധിച്ചിരുന്നു. ഇവരെ കോളേജിനുള്ളിൽ കയറ്റിയെന്ന് ആരോപിച്ചാണ് ഇപ്പോഴുള്ള പ്രതിഷേധം.
ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ കോളേജിനുള്ളിൽ പ്രവേശിപ്പിക്കുകയും കാവി ഷോൾ അണിഞ്ഞെത്തിയവരെ പുറത്ത് നിർത്തുകയും ചെയ്തു. തങ്ങൾക്കും സമത്വം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കാവി ഷോൾ അണിഞ്ഞെത്തിയത്. കർണ്ണാടകയിൽ കൂടുതൽ കോളേജുകളിലേക്ക് ഹിജാബ് വിഷയം വ്യാപിക്കുകയാണ്. ഹിജാബ് വിഷയം നിലവിൽ കർണ്ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഉഡുപ്പിയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. കഴിഞ്ഞ മാസമാണ് വിദ്യാർത്ഥികൾ പതിവിന് വിപരീതമായി ക്യാമ്പസിൽ ഹിജാബ് ധരിച്ച് എത്തിയത്. തുടർന്ന് ഇവരെ അദ്ധ്യാപകർ ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നില്ല. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി കോളേജിൽ ഹിജാബും മതത്തെ പ്രതിനിധീകരിക്കുന്ന മറ്റ് അടയാളങ്ങളും ധരിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് വിദ്യാർത്ഥികൾ മനഃപൂർവ്വം ഹിജാബ് ധരിച്ച് സ്‌കൂളിൽ എത്തിയത്.
സ്‌കൂളുകളിൽ മതസ്വഭാവം വെളിവാക്കുന്ന വസ്ത്രങ്ങൾ യൂണിഫോമിനൊപ്പം അനുവദിക്കാനാകില്ലെന്ന നിയമം കർണ്ണാടക പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയിരുന്നു. സ്‌കൂളുകളും കോളേജുകളും മതം ആചരിക്കാനുള്ള സ്ഥലങ്ങളല്ല, വിദ്യാഭ്യാസം നേടാനുള്ള സ്ഥലങ്ങളാണെന്നും അതിനാൽ ഇത്തരം ആവശ്യങ്ങൾ ഒഴിവാക്കണമെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും വ്യക്തമാക്കിയിരുന്നു.
Comments