അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടന പരമ്പരയിൽ വിധി പ്രസ്താവിച്ച് കോടതി. കേസിൽ 49 പേർ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു. 28 പേരെ വെറുതെ വിട്ടു. 2008 ജൂലൈ 26നുണ്ടായ സ്‌ഫോടനത്തിൽ 56 പേരാണ് കൊല്ലപ്പെട്ടത്. 14 വർഷത്തെ വിചാരണക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം സെപ്തംബറിൽ വിചാരണ പൂർത്തിയായിരുന്നു. തുടർന്ന് വിധി പ്രസ്താവിക്കാനായി കേസ് മാറ്റിവെയ്‌ക്കുകയായിരുന്നു.
പ്രതികളുടെ ശിക്ഷ കോടതി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇതുണ്ടാകുമെന്നാണ് സൂചന. തെളിവില്ലെന്ന് കണ്ട് 12 പേരേയും സംശയത്തിന്റെ ആനുകൂല്യം നൽകി 16 പേരെയുമാണ് കേസിൽ വെറുതെ വിട്ടത്. അടുത്ത കാലത്തായി ഏറ്റവും നീണ്ട വിചാരണ നടക്കുന്ന ക്രിമിനൽ കേസാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസ്. കേസിൽ രണ്ട് പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരാൾക്ക് അസുഖം കാരണവും മറ്റൊരാൾ മാപ്പ് സാക്ഷിയും ആയതിനാലാണ് ജാമ്യം നൽകിയത്.
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് 2008ൽ പൊട്ടിത്തെറിച്ചത്. 200 ഓളം പേർക്ക് പരിക്കേൽക്കുകയും 56 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ എല്ലാവരും. 79 പ്രതികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ഒരാൾ മലയാളിയാണ്. ഒരാൾ മാപ്പ് സാക്ഷിയായി, മറ്റൊരാൾക്ക് മാറാരോഗം പിടിപെടുകയും ചെയ്തു. പിന്നീട് 77 പേരെയാണ് വിചാരണ ചെയ്തത്. 2009ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
















Comments