തിരുവനന്തപുരം : അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് ആദരവുമായി മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര. ഗാനാർച്ചന നടത്തിയാണ് ചിത്ര ലതാ മങ്കേഷ്‌കറിനോടുള്ള ആദരം പ്രകടമാക്കിയത്. ലതാ മങ്കേഷ്‌കർ പാടിയ ‘തേരി ആങ്കോം’ എന്ന ഗാനത്തിന്റെ കവർ വേർഷനാണ് ചിത്ര ആദരസൂചകമായി ആലപിച്ചത്.
സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ചിത്ര ലതാ മങ്കേഷ്‌കറിനോടുള്ള ആദര സൂചകമായി ആലപിച്ച ഗാനം പുറത്തുവിട്ടത്. കെ.എസ് ചിത്ര ഗാനം ആലപിക്കുന്നതിനോടൊപ്പം ലതാ മങ്കേഷ്‌കറിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് കവർ വേർഷന്റെ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. യുട്യൂബിൽ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ഗാനം കേട്ടത്.
1969 ൽ പുറത്തിറങ്ങിയ ചിരാഗ് എന്ന ചിത്രത്തിലെ ഗാനമാണ് തേരി ആങ്കോം. മജ്രൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് മദൻ മോഹനാണ് ഈണം നൽകിയത്.
ഞായറാഴ്ചയായിരുന്നു കൊറോണ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ലതാ മങ്കേഷ്‌കർ അന്തരിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 35 ലേറെ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങളാണ് ലതാമങ്കേഷ്‌കർ ആലപച്ചിട്ടുള്ളത്.
Comments