ന്യൂഡൽബി : ഒരു പുതിയ പഞ്ചാബ് നിർമ്മിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ മുൻനിരയിൽ നിർത്താൻ പഞ്ചാബിലെ ജനങ്ങൾ എന്നും കഷ്ടപ്പെട്ടു. എന്നാൽ അധികാരം നിലനിർത്താൻ ചിലർ സംസ്ഥാനത്ത് തീവ്രവാദത്തിന്റെ വിത്ത് പാകിയെന്ന് മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരണത്തെ രൂക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി എന്നും സിഖ് സമുദായക്കാർക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. ഒരു പുതിയ പഞ്ചാബിനെ നിർമ്മിക്കാനാണ് ഇന്ന് പാർട്ടി പരിശ്രമിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ വികസനമെത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
കാർതർപൂർ സാഹിബ് ഇന്ത്യയുടെ ഭാഗമായി നിലനിർത്താൻ പോലും സാധിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. അധികാരത്തിന് വേണ്ടി ചിലർ സംസ്ഥാനത്തെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കി. എന്നാൽ ഇന്ത്യയെ എന്നും മുന്നിൽ നിർത്തിയത് പഞ്ചാബ് ആയിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം താൻ പഞ്ചാബ് സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി പഞ്ചാബിലെ ജനങ്ങളോട് വെർച്വലായി സംസാരിക്കുകയായിരുന്നു മോദി.
നേരത്തെ ജനുവരി 5 പഞ്ചാബിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ സുരക്ഷാ ലംഘനം നടന്നു. ഇതിന് പിന്നാലെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാതെ അദ്ദേഹം തിരിച്ച് പോകുകയായിരുന്നു.
















Comments