പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച് സൈന്യം. മലയിടുക്കിൽ കുടുങ്ങി 45 മണിക്കൂറുകൾക്ക് ശേഷമാണ് ബാബുവിന് വെള്ളം നൽകാനായത്. റോപ്പ് കെട്ടി സൈനിക സംഘം ബാബുവിന് അടുത്തേയ്‌ക്ക് നീങ്ങുകയാണ്. പാറക്കെട്ടിന് മുകളിലേക്ക് കയറിയ ശേഷം താഴേയ്‌ക്ക് ഇറങ്ങി വരാനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോപ്പ് ഇപ്പോൾ ബാബുവിന് അടുത്ത് വരെ എത്തിയ്‌ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ റോപ്പിൽ ബാബുവിന്റെ അടുത്തെത്തിയാണ് വെള്ളം നൽകിയത്.
രണ്ട് സൈനികരാണ് ബാബുവിന്റെ അടുത്തെത്തി വെള്ളവും ഭക്ഷണവും എത്തിച്ചത്. ബാബുവിനെ റോപ്പ് ഉപയോഗിച്ച് ഉയർത്തുകയാണ്. ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്ന് തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്കാണ് മലകയറിയത്. മലകയറിയത്. മല ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടികളും ഇട്ടു നൽകിയെങ്കിലും ബാബുവിന് മുകളിലേക്ക് കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല. വീഴ്‌ച്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. പ്രദേശത്ത് വന്യമൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നും ആറ് കിലോമീറ്റോളം അകലെയാണ് കൂർമ്പാച്ചി മല. ഇതിന് മുൻപും മല കയറുന്നതിനിടെ കാൽ വഴുതിവീണ് ബാബുവിന് പരിക്കേറ്റിരുന്നു.
















Comments