പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങി രക്ഷപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ഉമ്മ റഷീദയും സഹോദരനും ബാബുവിനെ ആശുപത്രിയിൽ കയറി സന്ദർശിച്ചു. നാൽപത്തിയെട്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.
ദീർഘമായ സമയം ഭക്ഷണവും വെള്ളവും കിട്ടാത്തതിനാൽ വലിയ ക്ഷീണമുണ്ടായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് വാർഡിലേക്ക് മാറ്റുക. അതിനിടെ ബാബുവിനും കൂട്ടുകാർക്കുമെതിരെ കേസെടുക്കുന്ന കാര്യം വനം വകുപ്പിന്റെ പരിഗണനയിലുണ്ട്. അനുമതിയില്ലാതെ കൂർമ്പാച്ചി മല അതിക്രമിച്ച് കയറിയതിനാണ് കേസ്. തിങ്കളാഴ്‌ച്ച രാവിലെയാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്.
മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്‌ക്ക് വെച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി മുകളിൽ കയറി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേയ്‌ക്ക് വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ബാബുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ബാബു തന്നെയാണ് ഈ വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. ആശങ്കകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ഇന്നലെ രാവിലെ 10.20നാണ് ബാബുവിനെ ഇന്ത്യൻ സൈന്യം രക്ഷപെടുത്തിയത്.
Comments