പാലക്കാട്: കേരളം മുഴുവൻ ഒരേ മനസ്സോടെ കാത്തിരുന്ന വാർത്തയായിരുന്നു മലയിടുക്കിൽ നിന്ന് ചെറാട് സ്വദേശി ബാബു രക്ഷപ്പെടുന്നത്. 45 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവിൽ ബാബു എന്ന ഇരുപത്തിമൂന്നുകാരൻ സൈന്യത്തിന്റെ സുരക്ഷിത കരങ്ങളിലേക്കെത്തിയപ്പോൾ ഭാരത് മാതാ കീ ജയ് , ഇന്ത്യൻ ആർമി കീ ജയെന്ന് കേരളം ഒരേ മനസോടെ ഏറ്റു വിളിച്ചു.
മലയിടുക്കിൽ നിന്ന് രക്ഷിച്ചതിന് പിന്നാലെ തന്നെയും ആർമിയിൽ എടുക്കാമോ എന്നാണ് ബാബു ചോദിച്ചതെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത കേണൽ ഹേമന്ദ് രാജ് വെളിപ്പെടുത്തി. ആശങ്കാജനകമായ മണിക്കൂറുകൾക്കൊടുവിൽ ജീവിതത്തിലേക്ക് തിരികെ പിടിച്ചുകയറ്റിയ സൈന്യത്തോട് അത്രയേറെ ആത്മബന്ധവും ബഹുമാനവും തോന്നി കാണണം ബാബുവിന്.
രക്ഷപ്പെടുത്തിയ സൈനികരെ സ്‌നേഹ ചുംബനം നൽകി നന്ദി പറയുന്ന ബാബുവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. കൊച്ചു കുട്ടിയെ പോലെ സൈനികരുടെ കരവലയത്തിലിരുന്ന് സ്‌നേഹ ചുംബനം നൽകിയ ബാബു നാളെയൊരിക്കൽ രാജ്യത്തിന് കാവലാളാകാൻ സൈനികനായി മാറുമെങ്കിൽ സന്തോഷമുളവാക്കുന്ന കാര്യമാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കുന്നത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടിയത്. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ബാബു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Comments