പാലക്കാട്: മലമ്പുഴയിൽ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സൈന്യത്തെ നേരത്തെ വിളിക്കേണ്ടതായിരുന്നു എന്നാണ് ഒരു വിഭാഗം ആളുകളുടെ വാദം. എന്നാൽ ഇപ്പോഴിതാ രാത്രിയിലെ ഒരു വീഴ്‌ച്ചയെ കൂടി തരണം ചെയ്താണ് ബാബു തിരികെ ജീവിതത്തിലേക്കെത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. പാറയിടുക്കിൽ കുടുങ്ങി 34 മണിക്കൂർ പിന്നിട്ടപ്പോൾ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
മസിൽ കയറിയതിനെ തുടർന്ന് കാൽ ഉയർത്തിവെയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കാൽ വഴുതി വീണത്. കാൽ മറ്റൊരു പാറയിടുക്കിൽ ഉടുക്കി നിന്നതാണ് രക്ഷയായത്. ആദ്യസ്ഥലത്ത് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിൽ രണ്ടാമത് എത്തിയ സ്ഥലത്ത് കഷ്ടിച്ച് നിൽക്കാനുള്ള സ്ഥലം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒൻപത് മണിക്കൂറോളം ഇടുങ്ങിയ മലയിടുക്കിൽ ബാബു നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ സൈനികരാണ് ഇത് സ്ഥിരീകരിച്ചത്. അതേസമയം ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിലാണ് നിലവിൽ ബാബു. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടില്ലെന്നാണ് പരിശോധനകളിൽ നിന്നും വ്യക്തമാകുന്നത്. വീഴ്‌ച്ചയിലുണ്ടായ പരിക്കുകൾ സാരമുള്ളതല്ല. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നിലവിൽ നൽകുന്നത്. ഉച്ചയോടെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ. അപകടം ഉണ്ടായത് കല്ലിൽ കാല് തട്ടിയെന്ന് ബാബു പറഞ്ഞിരുന്നു.
ബാബുവിനും കൂട്ടുകാർക്കുമെതിരെ കേസെടുക്കുമെന്നും ഇക്കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അനുമതിയില്ലാതെ കൂർമ്പാച്ചി മല അതിക്രമിച്ച് കയറിയതിനാണ് കേസ്. ഫോറസ്റ്റ് ആക്ട് സെഷൻ 27 പ്രകാരമാണ് കേസെടുക്കുക. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുൻപായി വാളയാർ സെഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെ കേസെടുക്കുന്നതിൽ മൊഴിയെടുത്ത ശേഷം തീരുമാനം എടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
Comments