ലകനൗ: ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യവട്ട വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത് നൂറുകണക്കിനാളുകൾ. മരം കോച്ചുന്ന തണുപ്പ് വക വെക്കാതെയാണ് ആളുകൾ വോട്ട് രേഖപ്പെടുത്താനെത്തിയത്. തണുപ്പിൽ നിന്ന് രക്ഷ തേടാനായി കട്ടിയേറിയ കമ്പിളിപുതപ്പും തണുപ്പ് വസ്ത്രങ്ങളും ധരിച്ച് പോളിങ് ബൂത്തിന് മുൻപിൽ വരി നിൽക്കുന്നത് സ്ഥാനാർത്ഥികൾക്കും പാർട്ടിപ്രവർത്തകർക്കും ഏറെ ആവേശമാണുണ്ടാക്കിയത്.
പശ്ചിമ യുപിയിലെ 58 മണ്ഡലങ്ങളിലെ 623 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിൽ ഒൻപത് എണ്ണം സംവരണ മണ്ഡലങ്ങളാണ്. രാവിലെ ഏഴ് മണിയ്‌ക്കാരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറ് മണിയ്‌ക്ക് അവസാനിക്കും. വോട്ടെടുപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ആദ്യഘട്ടത്തിൽ ബിജെപിയുടെ പ്രമുഖ നേതാക്കളായ പങ്കജ് സിംഗ്, കപിൽ ദേവ് അഗർവാൾ, ശ്രീകാന്ത് ശർമ്മ എന്നിവരാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഭരണ നേട്ടവും , സർവ്വേ ഫലങ്ങളും നൽകിയ ആത്മവിശ്വാസത്തിലാണ് ഭരണ കക്ഷിയായ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുപിയിൽ ബിജെപി തുടർഭരണം നേടുമെന്നാണ് മുഴുവൻ സർവ്വേകളും പ്രവചിക്കുന്നത്. പ്രചാരണ വേളയിൽ ജനങ്ങൾ നൽകിയ പിന്തുണ ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. തുടർഭരണമെന്ന നേട്ടം മുന്നിൽ കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
















Comments