പാലക്കാട്: പാലക്കാട് മലമ്പുഴയിലെ കൂർമ്പാച്ചി മലയിൽ തുടങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ആർ.ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ബാബുവിന്റെ മാനസിക സംഘർഷം കുറയ്‌ക്കുന്നതിനായുള്ള കൗൺസിലിങ് തുടരുകയാണ്.
രണ്ട് ദിവസം ഭക്ഷണവും വെള്ളവും ലഭിക്കാതെ തുടർന്നതിനാൽ ആരോഗ്യം പൂർണ്ണമായി വീണ്ടെടുത്തെന്ന് ഉറപ്പുവരുത്തിയ ശേഷമാകും ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം. തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഏറെ ആശ്വാസമുണ്ടെന്നും ബാബു ഇന്നലെ മെഡിക്കൽ സംഘത്തിനോട് പറഞ്ഞിരുന്നു. ശരീരത്തിലെ മുറിവുകൾ ഉണങ്ങി തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.
രണ്ട് ദിവസത്തോളം മലയിടുക്കിൽ ഒറ്റയ്‌ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഹൈലികോപ്ടറിൽ എയർലിഫ്റ്റ് ചെയ്തായിരുന്നു ബാബുവിനെ കഞ്ചിക്കോട് എത്തിച്ചത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ബാബുവിനെതിരെ കേസെടുക്കാനുള്ള വനംവകുപ്പിന്റെ തീരുമാനം മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ട് പിൻവലിച്ചിരുന്നു.
Comments