പാലക്കാട്: കൂർമ്പാച്ചി മലയിൽ നിന്ന് സൈനികർ രക്ഷപ്പെടുത്തിയ ബാബു തിരികെ വീട്ടിലേക്ക്. ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം ബാബുവിനെ ഡിസ്ചാർജ് ചെയ്തു. മലയിൽ കുടുങ്ങിയപ്പോൾ പേടി തോന്നിയില്ല. ആരെങ്കിലും രക്ഷിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് ഡിസ്ചാർജിന് ശേഷം ബാബു പ്രതികരിച്ചു.
മല കയറണമെന്ന് തോന്നിയാൽ ഇനിയും കയറും. യാത്രകൾ ഒരുപാട് ഇഷ്ടമാണ്. സെനികരോട് വലിയ നന്ദിയാണ് പറയാനുള്ളത്. അവർ ഒരുപാട് സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ട്. അടുത്ത ടാർഗറ്റിനെക്കുറിച്ച് തൽക്കാലം ആലോചിക്കുന്നില്ല. ലക്ഷ്യമല്ല വിശ്രമമാണ് ഇപ്പോൾ വേണ്ടതെന്ന് ബാബു പറഞ്ഞു.
നാട്ടുകാരനെ ഒരു കുഴപ്പവും കൂടാതെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ചെറാട് നിവാസികൾ. ബാബുവിനെ സ്വീകരിക്കാനായി വൻ ജനക്കൂട്ടമാണ് മലമ്പുഴയിൽ തടിച്ച് കൂടിയത്. ബാബുവിന് വലിയ സ്വീകരണം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ചെറാടുകാർ
ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കുന്നത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേർ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയർ അരയിൽ ബെൽറ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. വെള്ളവും ഭക്ഷണവും നൽകി ബാബുവിനെ സമാധാനിപ്പിച്ച ശേഷം എയർലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
Comments