മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ ലീഗായ ഐപിഎൽ താരലേലം നാളെ മുതൽ. മുഴുവൻ താരങ്ങളേയും പൊതു ലേലത്തിന് വിട്ടു നൽകണമെന്ന ആദ്യ വ്യവസ്ഥയിൽ നാലുതാരങ്ങളെ പ്രമുഖ ടീമുകൾക്ക് പിടിച്ചുവയ്‌ക്കാൻ അനുവാദമുണ്ട്. ഫെബ്രുവരി 12, 13 തിയതികളിലായിട്ടാണ് ബംഗളൂരുവിൽ ലേലം നടക്കുന്നത്.
ഐപിഎല്ലിനായി മലയാളിതാരം ശ്രീശാന്ത് അടക്കം 590 താരങ്ങളാണ് പട്ടികയിൽ ഉള്ളത്. ഒപ്പം ഇത്തവണ രണ്ടു പുതിയ ടീമുകളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ് ടൈറ്റാനും ലക്‌നൗ സൂപ്പർ ജയൻറുമാണ് എട്ടു ടീമുകൾക്കൊപ്പം ചേരുന്നത്. നാളെ ഉച്ചയ്‌ക്ക് 12 മണിയോടെ ലേലം ആരംഭിക്കും. ചാനലുകളിൽ രാവിലെ 11 മണിമുതൽ ലേലവുമായി ബന്ധപ്പെട്ട ഐപിഎൽ വാർത്തകൾ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് ബിസിസിഐ അറിയിച്ചു.
ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധൻ ഹ്യൂ എഡ്മിയാഡെസാണ് ലേലം നയിക്കുന്നത്. 2018 മുതൽ ബിസിസിഐയുടെ ഐപിഎൽ ലേലം നിയന്ത്രിക്കുന്നത് ഇദ്ദേഹമാണ്. സ്റ്റാർ ലേല വിദഗ്ധനായിരുന്ന റിച്ചാർഡ് മാഡ്‌ലേയ്‌ക്ക് പകരമായിട്ടാണ് ഹ്യൂവിനെ തീരുമാനിച്ചത്. 36 വർഷത്തെ തന്റെ ലേല പരിപാടികളുടെ കാലയളവിൽ ആഗോള തലത്തിൽ വിവിധ കമ്പനികൾക്കും കായിക മത്സരങ്ങൾക്കുമായി 2500 വേദികളിലാണ് ഹ്യൂ നിറഞ്ഞു നിന്നത്. അന്താരാഷ്‌ട്ര തലത്തിൽ ജീവകാരുണ്യ മേഖല, കല, ക്ലാസിക് കാർ എന്നിവയിൽ ഇദ്ദേഹം അതിപ്രശസ്തനാണ്.
















Comments