പാലക്കാട്: പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു വിശ്വനാഥനാണ് ഇപ്പോൾ താരം. ആശുപത്രി വിട്ട ശേഷമുള്ള ബാബുവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ട്രെയിനിംഗ് കിട്ടിയാൽ എവറസ്റ്റ് കയറാനും പോകുമെന്ന് പറയുകയാണ് ബാബു. ആരോഗ്യപ്രശ്‌നങ്ങളില്ല. ഇനിയും യാത്രകൾ പോകും. എന്നാൽ അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും ബാബു പറഞ്ഞു.
പതികരണത്തിന് പിന്നാലെ ബാബുവിനെ തേടി നേപ്പാളിൽ നിന്നും ഒരു വിളിയും എത്തി. സാഹസികത ഇഷ്ടപ്പെടുന്നവരുടെ സ്വപ്‌നമായ എവറസ്റ്റ് കീഴടക്കാനാണ് ബാബുവിനെ സ്വാഗതം ചെയ്തിരിക്കുന്നത്. കഴിഞ്ഞ 13 വർഷമായി നേപ്പാളിൽ താമസിക്കുന്ന ബോബി ആന്റണിയാണ് ബാബുവിനെ നേപ്പാളിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ദുർഘടമായ സാഹചര്യത്തിൽ അതിജീവനം നടത്തിയ ബാബുവിന്റെ വാർത്ത കണ്ടപ്പോൾ തോന്നിയ ആശയമാണിത്.
ബാബുവിന് താത്പര്യമുണ്ടെങ്കിൽ നേപ്പാളിലേക്ക് താൻ സ്വാഗതം ചെയ്യുകയാണെന്ന് ബോബി ആന്റണി പറഞ്ഞു. ബാബുവിന് നേപ്പാളിലെത്താനുള്ള എല്ലാ സഹായവും നൽകാമെന്ന് ബോബി പറയുന്നു. തന്റെ ഫോൺ നമ്പറും ബോബി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം ബാബു വീട്ടിലേക്ക് മടങ്ങിയത്. ജില്ലാ കളക്ടർ മൃൺമയി അടക്കമുള്ളവർ ആശുപത്രിയിലെത്തിയിരുന്നു. കാൽതെറ്റിയാണ് മലയിടുക്കിൽ വീണതെന്നും ഭയമുണ്ടായില്ലെന്നും ബാബു മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
Comments