തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും ക്രൂരപീഡനം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കുമാരപുരത്താണ് സംഭവം. ഭർതൃവീട്ടിൽ സ്ത്രീധന പീഡനത്തിന് യുവതി ഇരയായെന്നാണ് വിവരം. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് മർദ്ദിച്ചതിനെ തുടർന്ന് യുവതിക്ക് പരിക്കേൽക്കുകയായിരുന്നു. നിലവിൽ മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയും 24കാരിയുമായ അശ്വതിയാണ് പീഡനത്തിന് ഇരയായത്. കുമാരപുരത്തെ ഭർതൃവീട്ടിൽ വെച്ചായിരുന്നു സംഭവം. ഭർത്താവ് ജിബിൻ മദ്യപിച്ചെത്തുകയും പണം ആവശ്യപ്പെട്ട് മർദ്ദിക്കുകയുമായിരുന്നു. ജിബിന്റെ കുടുംബവും മർദ്ദനത്തിന് കൂട്ടുനിന്നതായി യുവതി പറയുന്നു.
2017 ഒക്ടോബറിലായിരുന്നു അശ്വതിയുടെയും ജിബിന്റെയും വിവാഹം. 4 ലക്ഷം രൂപയുടെ കാറും 45 പവൻ സ്വർണവും 15 ലക്ഷം പണമായും വിവാഹ സമ്മാനമായി ജിബിന് നൽകിയിരുന്നു. പണവും സ്വർണവും തീരാറായപ്പോൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു. ഇത് പിന്നീട് മർദ്ദനമായി മാറി. പോലീസിലും വീട്ടിലും മർദ്ദന വിവരങ്ങൾ അറിയിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി. അശ്വതിയുടെ ഫോൺ തല്ലി തകർത്തു. ഒടുവിൽ വീണ്ടും മർദ്ദിച്ചതിനെ തുടർന്ന് അവശനിലയിലായ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ സ്ത്രീധന പീഡനം സംബന്ധിച്ച് മെഡിക്കൽ കോളജ് പോലീസിലും കമ്മിഷണർ ഓഫിസിലും അശ്വതി പരാതി നൽകിയിരുന്നു. എന്നാൽ ഇത് ഒത്തുതീർപ്പായി. തുടർന്ന് അശ്വതി ഭർതൃവീട്ടിലേക്ക് തന്നെ മടങ്ങി. ഇതിന് പിന്നാലെയാണ് വീണ്ടും മർദ്ദനമുണ്ടായത്.
















Comments