ന്യൂഡൽഹി : അതിർത്തിയിലൂടെയുള്ള പശുക്കടത്ത് തടയാൻ കൂടുതൽ സാങ്കേതിക വിദ്യകളുമായി ബിഎസ്എഫ്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഗോക്കളെ കടത്തിക്കൊണ്ട് പോകുന്നത് തടയാനുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബിഎസ്എഫ് ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്‌ട്ര അതിർത്തിയിലൂടെ ഇന്ത്യയിൽ നിന്നുള്ള കന്നുകാലികളെ കടത്തുന്നതിനെരെ ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് തടയുന്നതിനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് നാല് വർഷമായിട്ട് അപ്‌ഡേറ്റ് ചെയ്ത ടെക്നിക്കൽ ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്തുന്നത് എന്നും അദ്ദേഹം അറിയിച്ചു.
15 മുതൽ 50 കിലോമീറ്റർ വരെയുള്ള അതിർത്തി പ്രദേശത്തിന്റെ സംരക്ഷണമാണ് ബിഎസ്എഫിനുള്ളത് . പ്രാദേശിക പോലീസുമായി സഹകരിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കള്ളക്കടത്ത് തടയുന്നതിനായി പുതിയ സുരക്ഷാ വേലിയും നിർമ്മിച്ചു കഴിഞ്ഞതായി ഡയറക്ടർ ജനറൽ അറിയിച്ചു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയുടെ 80 ശതമാനം പ്രദേശത്ത് സുരക്ഷാ വേലിയുണ്ട്. ചില സ്ഥലങ്ങളിൽ ഇത് തകർന്നിട്ടുണ്ടെന്നും അവിടെ ആന്റി കട്ട് ആന്റി ക്ലൈംബ് സുരക്ഷാ വേലികളാണ് സ്ഥാപിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. ശക്തവും കൂടുതൽ കാലം നിലനിൽക്കുന്നതുമാണ് ഈ വേലികൾ. ഇത് മുറിക്കാനോ, ഇതിലൂടെ പിടിച്ച് കയറാനോ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശുമായി ഇന്ത്യ 4,096 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ഇതിൽ പശ്ചിമ ബംഗാൾ 2,216 കിലോമീറ്റർ പങ്കിടുന്നുണ്ട്. വടക്കൻ ബംഗാൾ ഫ്രണ്ടിയർ 950 കിലോമീറ്റർ പങ്കിടുന്നുണ്ട്. അതിൽ 110 കിലോമീറ്റർ പ്രദേശത്ത് സുരക്ഷാ വേലി ഇല്ല.
















Comments